വോളിബാളാണ് ഇവരുടെ ലഹരി
text_fieldsപരപ്പനങ്ങാടി: യുവതലമുറ ലഹരിക്കടിപ്പെട്ട് കലാകായിക രംഗങ്ങളിൽനിന്ന് ഉൾവലിയുമ്പോൾ അവരെ കളിയുടെ ലഹരിയിലേക്ക് ഉയർത്തുകയാണ് വോളിബാൾ അക്കാദമിയായ ഡോട്സ് പരപ്പനങ്ങാടി. 1996-97 കാലയളവിലാണ് പരപ്പനങ്ങാടി പുത്തരിക്കൽ കേന്ദ്രീകരിച്ച് അക്കാദമിക്ക് തുടക്കമിടുന്നത്. സ്നേഹവും പാരസ്പര്യവും നിലനിർത്തി ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ കളിക്കുക, കളിച്ചുപഠിക്കുക എന്ന സന്ദേശമുയർത്തിയാണ് ഡോട്സ് കാൽ നൂറ്റാണ്ടിലേറെ കാലമായി മുന്നോട്ടുപോകുന്നത്.
പുതുതലമുറയെ കളിയിലേക്ക് അടുപ്പിക്കുക എന്നതോടൊപ്പം വോളിബാളിൽ താൽപര്യമുള്ള ആർക്കും പ്രായഭേദമന്യേ ഡോട്സ് അക്കാദമിയിൽ അംഗമാകുകയും കളിക്കളം സജീവമാക്കുകയും ചെയ്യാം. ലഹരിമരുന്ന് ഉപയോഗങ്ങളിൽനിന്ന് എത്ര ശ്രമിച്ചിട്ടും മാറാത്തവരെ അക്കാദമിയിൽനിന്ന് ഒഴിവാക്കാൻ നിർബന്ധിതരാെണന്നും അതേസമയം, വോളിബാളിന്റെ കൈയടക്കത്തിൽ കരുത്തുകാട്ടി ശീലിച്ചവർ മയക്കുമരുന്ന് ലഹരിയെ കൈയൊഴിയുന്നതാണ് അനുഭവമെന്നും ഡോട്സ് വോളി അക്കാദമി അധ്യക്ഷൻ ടി.പി. കുഞ്ഞിക്കോയ നഹ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ ഏഷ്യാഡ് വോളിബാൾ മത്സരത്തിൽ രാജ്യത്തിന് വേണ്ടി ജഴ്സിയണിഞ്ഞ പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷമീമുദ്ദീനടക്കം നിരവധി പ്രതിഭകൾ ഡോട്സിന്റെ സംഭാവനയായുണ്ട്. വിവിധ ചാമ്പ്യൻഷിപ്പുകളിൽ തിളങ്ങിയ ജുനൈദ്, നിഫാൻ, ഹാനി, മുഷ്താഖ്, മുബീൻ, ഫവാസ്, ബാസിത് എന്നിവരെല്ലാം ഡോട്സിന്റെ താരങ്ങളാണ്. ലഹരിയിലേക്കുള്ള വഴിനടത്തം തടയുന്നതുപോലെതന്നെ മൊബൈൽ ഫോൺ അടിമത്തത്തിന് തടയിടാനും ഡോട്സ് വോളി അക്കാദമിക്ക് സാധിച്ചതായി സെക്രട്ടറി അഷ്റഫ് ഇളയേടത്ത് പറഞ്ഞു. കളിക്കളത്തിലെ നിറസാന്നിധ്യമായ പൊലീസ്, എക്സൈസ് ജീവനക്കാരും ലഹരിക്കെതിരെ അവബോധമുണ്ടാക്കാൻ ആക്കം കൂട്ടുന്നുണ്ട്.
കായികപ്രേമിയും പരപ്പനങ്ങാടി ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ അംഗവുമായ ഷരീഫ് ബാബുവിന്റെ സൗമനസ്യത്തിൽ അദ്ദേഹത്തിന്റെ വീടിനടുത്തെ പറമ്പിലാണ് ഡോട്സ് വോളി അക്കാദമിയും രാത്രികാല കളിക്കളവും പ്രവർത്തിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.