വീട്ടിൽ വോട്ട്: ഇതുവരെ വോട്ട് രേഖപ്പെടുത്തിയവർ 81ശതമാനം
text_fieldsതിരുവനന്തപുരം :മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽതന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടിൽ വോട്ട് പ്രക്രിയക്ക് അപേക്ഷിച്ചവരിൽ 81 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസിൽ കൂടുതൽ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതിൽപ്പെടുന്നു.
ഏപ്രിൽ 25 വരെ വീട്ടിൽ വോട്ട് തുടരും. പൊലീസ്, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോളിങ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദർശനം സംബന്ധിച്ച വിവരം സ്ഥാനാർഥികളെയോ, സ്ഥാനാർഥികളുടെ പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകൾ സീൽ ചെയ്ത മെറ്റൽ ബോക്സുകളിൽ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.
സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ രഹസ്യ സ്വഭാവം പൂർണമായി നിലനിർത്തിക്കൊണ്ടാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തിവരുന്നത്. വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എൻ.ഐ.സി തയാറാക്കിയിട്ടുള്ള അവകാശം പോർട്ടലിലൂടെ അപ്പപ്പോൾ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും. സംസ്ഥാനത്താകമാനം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് കൃത്യതയോടെയും ആത്മാർത്ഥതയോടെയുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കാസർകോട് മണ്ഡലത്തിലെ വോട്ടറായ 111 വയസുള്ള സി. കുപ്പച്ചിയമ്മ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് ഏറെ കൗതുകമായി. കാസർകോട് കലക്ടർ കെ. ഇമ്പശേഖർ നേരിട്ട് വീട്ടിലെത്തി ഇവരെ അഭിനന്ദിച്ചു. കിടപ്പുരോഗിയായ ശിവലിംഗത്തിന് വോട്ട് ചെയ്യുന്നതിന് മാത്രമായി 18 കിലോമീറ്റർ വനമേഖലയിലൂടെ ഉദ്യോഗസ്ഥർ കാൽനടയായി യാത്ര ചെയ്തത് സജീവമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി നൂറനടിയിലാണ് ഉദ്യോഗസ്ഥർ പ്രതിബന്ധങ്ങൾ താണ്ടി എത്തിയത്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് വീട്ടിൽ വോട്ട് പൂർത്തീകരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.