വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം -മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍.
വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ല കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിന് ആവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സുഗമവും സുതാര്യവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം വേണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യർഥിച്ചു.
വീട്ടിലെ വോട്ട്: പ്രതിപക്ഷ നേതാവ് പരാതി നല്കി
തിരുവനന്തപുരം: വീട്ടിൽ വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ കാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടുപോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരാതി നല്കി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്ന് കമീഷന് ഉറപ്പാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.