വോട്ട്, വെറും വീട്ടുകാര്യമല്ല
text_fieldsവീട്ടമ്മമാർക്ക് പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടുകളൊന്നുമില്ലെന്ന കാഴ്ചപ്പാടായിരുന്നു മുമ്പ് പൊതുസമൂഹത്തിന്. ഇപ്പോഴത് ഏറക്കുറെ മാറിയെങ്കിലും അതേ ചിന്താഗതി പുലർത്തുന്നവർ നമുക്കിടയിലുണ്ട്. 'ഓ, ഞാനൊക്കെ എന്ത് രാഷ്ട്രീയം നോക്കാനാ, കെട്ട്യോനും കുേട്ട്യാളും പറയുന്നയാൾക്ക് കുത്താനല്ലേ എനിക്കാവൂ' എന്ന് പറയുന്നവരാണ് പലരും.
അങ്ങനെയുള്ളവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്, കൃത്യമായ രാഷ്ട്രീയ നിലപാടും ധാരണയുമുള്ള വ്യക്തികളാവേണ്ടത് കാലത്തിെൻറ അനിവാര്യത കൂടിയാണ്.
വോട്ടവകാശം പോരാട്ടഫലം
സ്ത്രീ, പുരുഷൻ, എൽ.ജി.ബി.ടി.ക്യു എന്നിങ്ങനെ ലിംഗവ്യത്യാസമൊന്നുമില്ലാതെ 18 വയസ്സു പൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും സമ്മതിദാനം രേഖപ്പെടുത്താനുള്ള അവകാശമുണ്ട്.
പതിറ്റാണ്ടുകൾക്കു മുമ്പ്, രാജ്യത്ത് സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ലെന്നും നിലവിലെ വ്യവസ്ഥിതിയോട് പോരാടിയാണ് സ്ത്രീജനത വോട്ടവകാശം നേടിയെടുത്തതെന്നും നാം അറിയണം. അതുകൊണ്ടുതന്നെ തെൻറ സ്വന്തം തീരുമാനത്തിന് പ്രാധാന്യം നൽകി വോട്ടു ചെയ്യേണ്ടതാണെന്ന തിരിച്ചറിവും വേണം.
ആർക്കു ചെയ്യും വോട്ട്?
പ്രാദേശികതലത്തിൽ സ്ഥാനാർഥികളെല്ലാം ഏറക്കുറെ വേണ്ടപ്പെട്ടവരോ പരിചിതരോ ആയിരിക്കും. ബന്ധുക്കളോ കുടുംബസുഹൃത്തുക്കളോ ആയ സ്ഥാനാർഥികളും ഉണ്ടാവും. ഇങ്ങനെ അടുപ്പക്കാരും നമ്മുടെ രാഷ്ട്രീയത്തോട് അടുത്തു നിൽക്കുന്നവരും എതിരാളികളായി വരാനിടയുണ്ട്.
അപ്പോൾ ആർക്കു ചെയ്യും എന്ന ആശയക്കുഴപ്പമുണ്ടാകാം. മറ്റൊന്നും നോക്കാനില്ല, രാഷ്ട്രീയ നിലപാടിനുതന്നെ പ്രാധാന്യം നൽകുന്നതാണ് ഉചിതം. ഏറെ ആലോചിച്ചു വേണം വോട്ടു ചെയ്യാൻ. എല്ലാ സ്ഥാനാർഥികളെ കുറിച്ചും താരതമ്യ പഠനം നടത്തുക. സമൂഹത്തിനും തങ്ങൾക്കുമെല്ലാം കൂടുതൽ പ്രാപ്യനായ ഒരാളെ തെരഞ്ഞെടുക്കുന്നതാണ് ഭാവിക്കു നല്ലത്. ആശയക്കുഴപ്പങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ഭർത്താവും മക്കളും കുടുംബാംഗങ്ങളുമായി ചർച്ച ചെയ്യുന്നതിൽ തെറ്റില്ല.
അറിയണം നാടിെൻറ സ്പന്ദനം
ഒരു പാർട്ടിക്കാരൻ/കാരി വോട്ടു ചോദിച്ചു വെന്നന്നിരിക്കട്ടെ, അയാളുടെ/അവരുടെ വാക്കുകളിൽ ആകർഷിക്കപ്പെട്ട് അതുകൊണ്ടു മാത്രം അവർക്കു വോട്ടു ചെയ്യാൻ തീരുമാനിക്കരുത്. അയാൾ മുൻ പ്രതിനിധിയാണെങ്കിൽ നാടിനു എന്തു ചെയ്തെന്ന് അക്കമിട്ട് ചോദിച്ചറിയണം, അതു ശരിയാണോയെന്ന് മനസ്സിലാക്കണം. അടിസ്ഥാനമില്ലാത്ത വികസനവാഴ്ത്തുകളാണ് നടത്തുന്നതെങ്കിൽ വിട്ടേക്കുക.
സ്ഥാനാർഥികളുടെ വികസനവാഗ്ദാനങ്ങൾ ചോദിക്കുമ്പോൾതന്നെ നമ്മുടെ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. അങ്ങനെ ചെയ്തത് ശരിയായില്ല എന്നു പറഞ്ഞ് തിരുത്താൻ ആരെയും ഭയക്കേണ്ടതില്ല. ജനപ്രതിനിധികളെയോ സ്ഥാനാർഥികളെയോ ഭയക്കേണ്ടതില്ല, ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിയണം.
സ്വാധീനങ്ങൾ അവിടെ നിൽക്കെട്ട
വീട്ടമ്മമാരെ സ്വാധീനിക്കാൻ എളുപ്പമാണെന്ന ചിന്താഗതിയുണ്ട് പലർക്കും. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളണം. വർഗീയതയും വംശീയതയും പിന്തിരിപ്പൻ നിലപാടുകളും പറഞ്ഞ് വോട്ടു തേടുന്നവർക്ക് ചുട്ട മറുപടി നൽകാം. ഇനിയിപ്പോൾ നേരിട്ടു പറയാൻ വിമുഖതയുള്ളവർ വോട്ടുചെയ്ത് പ്രതികരിക്കണം.
ഇത്തരത്തിൽ ഉറച്ച നിലപാടുകളോടെ, വ്യക്തമായ കാഴ്ചപ്പാടോടെ വേണം ഓരോ വീട്ടമ്മയും പോളിങ് ബൂത്തിലേക്ക് ചെല്ലാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.