ശ്രീരാമന്‍റെ പേരിൽ വോട്ടഭ്യർഥന: അബ്ദുല്ലക്കുട്ടിക്കെതിരെ എൽ.ഡി.എഫ് പരാതി നൽകി
text_fieldsതൃശൂർ: മതവിശ്വാസത്തിന്‍റെ പേരില്‍ എൻ.ഡി.എ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചതിന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മാർച്ച് 30ന് വൈകീട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് അബ്ദുല്ലക്കുട്ടി ശ്രീരാമന്‍റെ പേരുപറഞ്ഞ് സുരേഷ്‌ഗോപിക്ക് വോട്ട് ചോദിച്ചത്.
അബ്ദുല്ലക്കുട്ടിയുടെ പ്രവൃത്തി ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും തെറ്റും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നാണ് എൽ.ഡി.എഫിന്‍റെ പരാതി. അബ്ദുല്ലക്കുട്ടി വിവാദ പ്രസ്താവന നടത്തിയ സമ്മേളനത്തില്‍ സുരേഷ്‌ഗോപിയും പങ്കെടുത്തിരുന്നു. ‘ശ്രീരാമ ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യണം’ എന്നാണ് അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടത്.
സുരേഷ്ഗോപിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ അറിവും സമ്മതത്തോടും കൂടിയും ഹിന്ദുമത വിശ്വാസികള്‍ സുരേഷ്‌ഗോപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയാണ് അബ്ദുല്ലക്കുട്ടി ഇത്തരത്തിൽ വോട്ടര്‍മാരോട് പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിച്ച് സുരേഷ്ഗോപിക്കും അബ്ദുല്ലക്കുട്ടിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എൽ.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.