വോട്ടർ ഐ.ഡി കാർഡ് അപേക്ഷയിൽ ഇനി കടലാസില്ലാ നടപടികൾ
text_fieldsതൃക്കരിപ്പൂർ: വോട്ടർ ഐ.ഡി കാർഡുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർണമായും കടലാസ് രഹിതമാക്കി തെരഞ്ഞെടുപ്പ് കമീഷൻ. ഇതിനായി രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷനിൽ സംസ്ഥാനത്തെ ബി.എൽ.ഒ മാർക്ക് പരിശീലനം നൽകി.
'ഗരുഡ' അഥവാ 'ഗ്ലോബൽ ആക്സസ് ടു റിസോഴ്സ് യൂസിങ് ഡിസ്ട്രിബ്യൂട്ടഡ് ആർക്കിടെക്ചർ' എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. നേരത്തെ കമീഷൻ ഉപയോഗിച്ചിരുന്ന ബി.എൽ.ഒ ആപ്പിന്റെ ന്യൂനതകൾ പരിഹരിച്ചാണ് പുതിയ സങ്കേതം പുറത്തിറക്കിയത്. പൈലറ്റ് പ്രോജക്ടായി നേരത്തെതന്നെ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ഗരുഡ ഉപയോഗിച്ചുവരുന്നുണ്ട്.
നിലവിൽ ബി.എൽ.ഒമാർക്ക് മാത്രമാണ് ഗരുഡ ആപ് ലഭ്യമാക്കിയിട്ടുള്ളത്. നാഷനൽ വോട്ടേഴ്സ് സർവിസ് പോർട്ടൽ (www.nvsp.in) വഴിയാണ് ഇപ്പോൾ അപേക്ഷ നൽകുന്നത്. അപേക്ഷകൾ ബി.എൽ.ഒമാർക്ക് ആപ് വഴി ലഭ്യമാക്കും. രേഖകൾ ശരിയാണെന്ന് ഉറപ്പുവരുത്തി അപ്പോൾതന്നെ നടപടി സ്വീകരിക്കാൻ സാധിക്കും. ഈ ഘട്ടത്തിലും തിരുത്തലോ കൂട്ടിച്ചേർക്കലോ സാധ്യമാണ്.
ഇതുപോലെ തിരുത്തൽ അപേക്ഷകൾ, പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യൽ, ബൂത്ത് മാറ്റം എന്നിവയൊക്കെ ആപ്പിലൂടെ സാധിക്കും. കടലാസുകൾ അച്ചടിച്ച് വില്ലേജ് ഓഫിസുകൾ വഴി ബി.എൽ.ഒമാർക്ക് പരിശോധനക്ക് എത്തിക്കുന്ന രീതി പൂർണമായും ഒഴിവാക്കും.
വോട്ടർപട്ടിക ഉൾപ്പെടെ ആപ്പിൽ ലഭ്യമാണ്. ആളുടെ പേരോ വിലാസത്തിന്റെ ഭാഗമോ ഐ.ഡി കാർഡ് നമ്പറോ ഉണ്ടെങ്കിൽ നിഷ്പ്രയാസം വോട്ടറെ തിരിച്ചറിയാം. ഓരോ ബൂത്തിലെയും ആൺ, പെൺ, ഭിന്നലിംഗ വോട്ടർമാരുടെ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.