വോട്ടർ പട്ടിക ഒക്ടോബർ 16ന്; 23 വരെ പേര് ചേർക്കാം
text_fieldsതിരുവനന്തപുരം: മൂന്നുവർഷത്തെ ഇടവേളക്കുശേഷം പുതുക്കുന്ന അന്തിമ വോട്ടർപട്ടിക ഒക്ടോബർ 16ന് പ്രസിദ്ധീകരിക്കാൻ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയുള്ള കരട് പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു.
അർഹരായവർക്ക് സെപ്റ്റംബർ 23 വരെ പട്ടികയിൽ പേര് ചേർക്കാം. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽനിന്ന് ഒഴിവാക്കും. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേയും വോട്ടർ പട്ടിക പുതുക്കുന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025ലെ പൊതുതെരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.
പട്ടികയിൽ പേര് ചേർക്കാനും ഉൾക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റം വരുത്താനും sec.kerala.gov.inലൂടെ അപേക്ഷിക്കാം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷകൾ സമർപ്പിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.