തെരഞ്ഞെടുപ്പ് നോട്ടീസുകൾ വാങ്ങാൻ വീട്ടുകാർക്ക് മടി, സാനിറ്റൈസ് ചെയ്ത് സ്ഥാനാർഥികൾ
text_fieldsകൊല്ലം: കോവിഡും തെരഞ്ഞെടുപ്പും ഒന്നിച്ച് വന്നതിലുള്ള ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല സ്ഥാനാർഥികൾക്ക്. സ്വന്തം മുഖം ഏറ്റവും കൂടുതൽ വെളിവാക്കേണ്ട ഘട്ടത്തിൽ മൂക്കിന് കീഴെ മറച്ച് നടക്കേണ്ട ദുഃഖം പലവിധത്തിലാണ് തരണം ചെയ്യുന്നത്.
വോട്ടറോട് സ്ഥാനാർഥി സംവദിക്കുന്ന 'അഭ്യർഥന'യാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ഹൈലൈറ്റ്. വെർച്വൽ പ്രചാരണം കൊഴുക്കുന്നുണ്ടെങ്കിലും വീടുകയറി വോട്ടറെ കണ്ട് ഒരഭ്യർഥന കൈമാറിയാലേ സ്ഥാനാർഥിക്ക് ആശ്വാസമാകൂ. പക്ഷേ, സ്ഥാനാർഥിയുടെ ആശ്വാസം വീട്ടുകാരുടെ ആശ്വാസം കെടുത്തുകയാണ്. കാരണം കോവിഡ് തന്നെ. കൈയുറയും മാസ്കും സാനിറ്റൈസറുമെല്ലാം കൈയിൽ കരുതണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും കൈയുറയില്ല.
വോട്ടഭ്യർഥിച്ചുള്ള നോട്ടീസുകളും ജില്ലയിൽ വീടുകൾ കയറി വിതരണം നടത്തുന്നുണ്ട്. മിക്കവാറും വീടുകളിൽ പ്രായമായവരും കുട്ടികളുമാകും പകൽ സമയത്തുണ്ടാവുക. കോവിഡ് വ്യാപനം മൂലം കണ്ടെയ്ൻമെൻറ് സോണുകളാക്കിയ പ്രദേശങ്ങളിൽ ഇത്തരം പ്രചാരണത്തിന് നിയന്ത്രണമുണ്ട്. അഞ്ചുേപരെയാണ് വീടുകൾതോറുമുള്ള സ്ഥാനാർഥി പ്രചാരണത്തിന് അനുവദിക്കുന്നത്. ശക്തികേന്ദ്രങ്ങളിൽ ഇത് അഞ്ചിൽ കൂടും.
പലരും അഭ്യർഥന നോട്ടീസ് കൈകൊണ്ട് വാങ്ങിക്കാൻ മടിച്ചതോടെ വോട്ടർക്ക് മുന്നിൽ െവച്ചുതന്നെ ഇത് സാനിറ്റൈസർ തളിച്ച് നൽകുന്നതാണ് ഇപ്പോഴത്തെ രീതി.
രണ്ടും മൂന്നും പാർട്ടിക്കാരുടെ സ്ഥാനാർഥികളെ പരിചയപ്പെടുത്തൽ കഴിയുമ്പോഴേക്കും വീട്ടുകാർക്ക് കോവിഡിനെ പേടിച്ചിരിക്കേണ്ട സ്ഥിതിയാണ്. ഇത് മിക്കവാറും വീട്ടുകാർ സ്ഥാനാർഥികളോടുതന്നെ തുറന്നുപറയുന്നുണ്ട്. വൈറസിനെ തരണം ചെയ്ത് അഭ്യർഥനയെത്തിക്കേണ്ട വലിയ കടമ്പയാണ് എല്ലാ കക്ഷികൾക്കും.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പന്മന, പവിത്രേശ്വരം, ചിറക്കര, ആദിച്ചനല്ലൂര്‍, നിലമേല്‍, തലവൂര്‍, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളിലുമാണ് കോവിഡ് ബാധിതർ കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.