തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാടും ചേലക്കരയും; 50 കടന്ന് പോളിങ് ശതമാനം
text_fieldsകൽപറ്റ/ ചേലക്കര: വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും പോളിങ് തുടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം വയനാട്ടിൽ 50.63 ശതമാനവും ചേലക്കരയിൽ 50.86 ശതമാനവുമാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, വയനാട്ടിലെയും ചേലക്കരയിലെയും വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായി. തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.
ഇരു മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ വർധനയുണ്ടാകുമോ എന്ന കാര്യത്തിലാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. വയനാട്ടിൽ തികഞ്ഞ പ്രതീഷയിലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചേലക്കരയിൽ നിലവിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് ഉയരുമെന്നാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്.
ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലെ വോട്ടിങ് മെഷീൻ ആണ് തകരാറിലായത്. ഇവിടത്തെ വോട്ടിങ് മെഷീൻ മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. ചേലക്കരയിലെ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തേണ്ട ബൂത്ത് ആണിത്.
ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിൽ 31-ാം ബൂത്തിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ തകരാറായി. മോക്ക് പോളിങ്ങിൽ മെഷീന്‍റെ തകരാർ പരിഹരിച്ചതായിരുന്നു.
വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് പോകാൻ ആഗ്രഹിച്ച് പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്), സത്യൻ മൊകേരി (എൽ.ഡി.എഫ്), നവ്യ ഹരിദാസ് (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്.
ചേലക്കരയിൽ യു.ആർ. പ്രദീപ് (എൽ.ഡി.എഫ്), രമ്യ ഹരിദാസ് (യു.ഡി.എഫ്), കെ. ബാലകൃഷ്ണൻ (എൻ.ഡി.എ) എന്നിവരുൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളും 1.01 ലക്ഷം പുരുഷ വോട്ടർമാരുമാണുള്ളത്. ചേലക്കരയിൽ 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ദേശീയശ്രദ്ധ നേടിയപ്പോൾ ചേലക്കര ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് വയനാട് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിലെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്‍റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച ഉച്ചയോടെ പ്രിയങ്ക ഡൽഹിയിലേക്ക് തിരിക്കും. അതിനുമുമ്പ് വൈത്തിരി മേഖലയിലെ ചില ബൂത്തുകൾ അവർ സന്ദർശിക്കും.
അതിനിടെ, നിശബ്ദ പ്രചാരണദിനത്തിൽ ചേലക്കരയിൽ വാർത്താസമ്മേളനം വിളിച്ച ഡി.എം.കെ നേതാവ് പി.വി. അൻവർ എം.എൽ.എക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് നൽകി. വയനാട്ടിനും ചേലക്കരക്കുമൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലക്കാട്ട് പോളിങ് ഒരാഴ്ച നീട്ടി. നവംബർ 20നാണ് പാലക്കാട്ടെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.