വി.പി. ജോയിക്കും അനിൽകാന്തിനും യാത്രയയപ്പ്
text_fieldsതിരുവനന്തപുരം: ആരിലും അപ്രിയമുണ്ടാക്കാത്തവരും വിവാദങ്ങളിൽ പെടാത്തവരുമായ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് സർവിസിൽ നിന്ന് പടിയിറങ്ങുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയും പൊലീസ് മേധാവി അനിൽകാന്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവർക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഒരേ ദിവസം സർവിസിൽനിന്ന് വിരമിക്കുന്നത് അപൂർവതയാണ്.
വി.പി. ജോയി സിവിൽ സർവിസിന്റെ തലപ്പത്തുണ്ടായിരുന്ന രണ്ടര വർഷം ആരിലും ഒരുതരം അപ്രിയവുമുണ്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ നിർവഹിക്കുന്നതിൽ ചടുല നേതൃത്വമാണ് അദ്ദേഹം നൽകിയത്. സംസ്ഥാനത്ത് ഡിജിറ്റൽ സേവന നിർവഹണ രംഗത്ത് വലിയ മുന്നേറ്റം ഇക്കാലത്തുണ്ടായി. 900ത്തിലധികം സേവനങ്ങൾ ഓൺലൈനായി. വി.പി. ജോയി ഈ മേഖലയിൽ കാണിച്ച പ്രത്യേക താൽപര്യവും വ്യക്തിപരമായ ഇടപെടലും ഈ നേട്ടത്തിലേക്കെത്താൻ ഏറെ സഹായിച്ചു. എല്ലാ ചുമതലകളിലും മികവാർന്ന സംഭാവനകൾ അദ്ദേഹം അർപ്പിച്ചു.
റിട്ടയർമെന്റ് ജീവിതത്തിൽ കവിത രംഗത്തേക്ക് കൂടുതൽ ശക്തിയായി ഇടപെടാൻ കഴിയുമെന്നും കവി മധുസൂദനൻ നായരെ പോലുള്ളവർക്ക് വെല്ലുവിളിയായി വരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യവും വേഗത്തിൽ നിർവഹിക്കുമെന്നതാണ് ഡി.ജി.പി അനിൽകാന്തിന്റെ പ്രത്യേകത. കേരളത്തിൽ ഒരിക്കലും ക്ഷാമമില്ലാത്ത കാര്യമാണ് വിവാദം. എന്നാൽ, ഒരു വിവാദത്തിലും പെടാതെ ഡി.ജി.പി സ്ഥാനത്ത് തുടരാനായി എന്നത് അദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്. പൊലീസ് സേനയെ കൂടുതൽ മികവാർന്ന നേട്ടങ്ങളിലേക്ക് അദ്ദേഹം എത്തിച്ചു. എല്ലാ അർഥത്തിലും രാജ്യത്തെ മികച്ച പൊലീസ് സേനയാക്കി കേരള പൊലീസിനെ മാറ്റുന്നതിൽ അനിൽകാന്തിന്റെ പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി വി.പി. ജോയി, ഡി.ജി.പി അനിൽകാന്ത്, നിയുക്ത ചീഫ് സെക്രട്ടറി വി. വേണു, പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.