കുഞ്ഞാലിക്കയെ തേടിയെത്തിയിരുന്ന കുഞ്ഞൂഞ്ഞിന്‍റെ ഇഷ്ടമറിഞ്ഞത് ഖാദർക്ക
text_fieldsപരപ്പനങ്ങാടി: കെ.പി.സി.സി മുൻ മെംബറും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച അച്ചമ്പാട്ട് കുഞ്ഞാലിക്കയുടെ കുടുംബ സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ കുഞ്ഞാലിക്കയെ തേടിയെത്തുന്ന കുഞ്ഞൂഞ്ഞിന്‍റെ ഇഷ്ടമറിഞ്ഞ് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് ഖാദർ ചെട്ടിപ്പടിക്കായിരുന്നു.
ജില്ലയിൽ ഒട്ടമിക്ക പരിപാടികളുടെയും യാത്ര റൂട്ടിലെ അവസാന ഇനവും ഇടവും ഉമ്മൻ ചാണ്ടി സ്വയം എഴുതി ചേർക്കുന്നത് പരപ്പനങ്ങാടിയിലെ അച്ചമ്പാട്ട് കുഞ്ഞാലിയുടെ വീടായിരുന്നു. പാർട്ടി പ്രവർത്തന നിരയിൽ മാത്രമല്ല ഗ്രൂപ്പ് താൽപര്യങ്ങളിലും കുഞ്ഞൂഞ്ഞിന്‍റെ നിഴലായ കുഞ്ഞാലിക്കയെ തേടിയെത്തുന്ന ഉമ്മൻ ചാണ്ടിക്ക് ആവശ്യമായ സ്വീകരണമൊരുക്കാനുള്ള ഉത്തരവാദിത്തം നൽകിയിരുന്നത് ഖാദർ ചെട്ടിപ്പടിക്കായിരുന്നു.
മത്സ്യ കയറ്റുമതി വ്യാപാരിയായ ഖാദർ ചെട്ടിപ്പടി ആദ്യ കാലങ്ങളിൽ വലിയ മത്സ്യങ്ങളുൾപ്പടെ വിഭവങ്ങളൊക്കെ തയാറാക്കി വെക്കുമെങ്കിലും, കുറിയരി കഞ്ഞിയും പത്തിരിയിലും പച്ചക്കറിയിലുമാണ് ഉമ്മൻ ചാണ്ടിക്ക് താൽപര്യമെന്ന് മനസിലാക്കിയതോടെ പിന്നീട് ഭക്ഷണ അജണ്ടയുടെ ഒരുക്കം പാടെ ലളിതമാക്കിമാറ്റി.
കുടുംബ സദസിലും രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം തന്നിരുന്നെന്നും മത്സ്യ തൊഴിലാളികളുടെ ദുരിതങ്ങൾ കേൾക്കാനും പരിഗണിക്കാനും പ്രത്യേക താൽപര്യമായിരുന്നെന്നും ദേശീയ മത്സ്യതൊഴിലാളി കോൺഗ്രസ് എക്സിക്യുട്ടീവ് അംഗവും ജില്ല അധ്യക്ഷനുമായ ഖാദർ ചെട്ടിപ്പടി ‘മാധ്യമ’ത്തോട് പറഞ്ഞു. കുഞ്ഞാലിക്കയുടെ മരണശേഷവും പരപ്പനങ്ങാടിയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടിയിലേക്കുള്ള എളുപ്പ വഴി ഖാദർ ചെട്ടിപ്പടിയായിരുന്നു. എൺപതുകളിൽ ഖാദർ ചെട്ടിപ്പടി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച ഘട്ടത്തിൽ തിളക്കമാർന്ന വിജയം സമ്മാനിച്ചത് കുഞ്ഞൂഞ്ഞിന്‍റെയും കുഞ്ഞാലിക്കയുടെയും സാനിധ്യമായിരുന്നെന്നും ഖാദർക്ക ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.