മുതിർന്ന മാധ്യമപ്രവർത്തകൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു
text_fieldsകൊച്ചി: കേരളത്തിലും ദേശീയതലത്തിലും ഇന്ത്യക്ക് പുറത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ വി.പി.ആര് എന്നറിയപ്പെട്ട വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന് (വി.പി. രാമചന്ദ്രൻ -98) അന്തരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടില്‍ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം.
തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂര്‍ ശേഖരന് നായരുടെയും വെട്ടത്ത് രുക്മിണിയമ്മയുടെയും മകനായി 1924 ഏപ്രില്‍ 21ന് തൃശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. പഠനശേഷം മിലിട്ടറി അക്കൗണ്ട്സില്‍ ക്ലര്‍ക്കായി ചേര്‍ന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പുണെ ഓഫിസില്‍ ടൈപിസ്റ്റായി നിയമനം ലഭിച്ചു. പിന്നീട് മുംബൈയിലെ ഹെഡ്ഓഫിസിൽ ടെലിപ്രിന്റര്‍ ഓപറേറ്ററായി നിയമിച്ചു. എഡിറ്റോറിയല്‍ അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് പിന്നീട് ഉയര്‍ന്നു. എ.പി.ഐയുടെ സ്ഥാനത്ത് പി.ടി.ഐ രൂപവത്കരിക്കപ്പെട്ടപ്പോഴാണ് പത്രപ്രവര്‍ത്തകനാകാൻ അവസരം ലഭിക്കുന്നത്.
1951ലെ പൊതുതെരഞ്ഞെടുപ്പില്‍ പി.ടി.ഐയുടെ ഡല്‍ഹിയിലെ ഇലക്ഷന് ഡെസ്കിലായിരുന്നു ആദ്യനിയമനം. 1956ലെ പൊതുതെരഞ്ഞെടുപ്പില്‍ പഞ്ചാബിലേക്ക് നിയോഗിച്ചു. ഇതിനു പിന്നാലെ ലാഹോറില്‍ വിദേശകാര്യ ലേഖകനായി. പാക് പ്രസിഡന്റ് അയ്യൂബ് ഖാന് ഉള്‍പ്പെടെയുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കാനായി. ഇന്ത്യ-ചൈന യുദ്ധം പട്ടാള യൂണിഫോമില്‍ യുദ്ധമുന്നണിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
1979ല്‍ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവമേനോന് അന്തരിച്ചപ്പോള്‍ മാതൃഭൂമിയുടെ പത്രാധിപരായി. 1984ല്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. 1989ല്‍ പ്രസ് അക്കാദമിയുടെ കോഴ്സ് ഡയറക്ടറായി ചേര്‍ന്നു. മൂന്ന് വർഷത്തിനുശേഷം അക്കാദമിയുടെ ചെയര്‍മാനുമായി. ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ. മരുമകന്: ചന്ദ്രശേഖരന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.