കുറ്റക്കാർക്കെതിരെ കർശന നടപടി; പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല -വി.പി സാനു
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല പ്രതിഷേധ പ്രകടനം നടന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയിൽ ബഫർ സോൺ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എസ്.എഫ്.ഐ പ്രതിഷേധിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ അക്രമാസക്തമായ പ്രതിഷേധം അംഗീകരിക്കാനാവില്ല.
സംഘടനയുടെ വിവിധ കമ്മിറ്റികൾ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും വി.പി സാനു അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന പ്രതിഷേധത്തെ കഴിഞ്ഞ ദിവസം രാത്രി തന്നെ എസ്.എഫ്.ഐ നേതൃത്വം തള്ളിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി വി.പി സാനു രംഗത്തെത്തുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ചുമായി രാഹുലിന്റെ ഓഫീസിലേക്ക് എത്തിയത്. തുടർന്ന് എം.പിയുടെ ഓഫീസ് തല്ലിതകർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 23 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പറ്റ ഡി.വൈ.എസ്.പിയെ സസ്‍പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തെ സി.പി.എം കേന്ദ്രനേതൃത്വം ഉൾപ്പടെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.