വൃന്ദാവൻ പട്ടയം: ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് ഹൈകോടതി അനുമതി
text_fieldsകൊച്ചി: വൃന്ദാവന്‍ പട്ടയമെന്നറിയപ്പെടുന്ന മൂന്നാറിലെ റിസോർട്ട് ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് ഹൈകോടതിയുടെ അനുമതി. 17.51 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ഇടുക്കി ആർ.ഡി.ഒ ഉത്തരവും ഇത് ശരിവെച്ച ജില്ല കലക്ടർ, ലാൻഡ് റവന്യൂ കമീഷണർമാരുടെ ഉത്തരവുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി വാങ്ങിയ റിസോർട്ട് ഉടമയടക്കം നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രെൻറ ഉത്തരവ്. ലാൻഡ് റവന്യൂ കമീഷണർ അടക്കം അധികൃതരുടെ ഉത്തരവ് കോടതി ശരിവെച്ചു. ഉത്തരവുകളിൻമേലുണ്ടായിരുന്ന സ്റ്റേ നീക്കിയ കോടതി, തുടർനടപടികൾ ഉടൻ സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടു.
ഭൂമി പതിച്ചുനൽകൽ നിയമപ്രകാരം ഏഴുപേർക്കാണ് 1993ൽ പട്ടയം അനുവദിച്ചിരുന്നത്. എന്നാൽ, ഒരു വർഷത്തിനകം ഭൂമി ഹരജിക്കാർക്ക് കൈമാറി.
പട്ടയം നൽകിയത് അർഹതയില്ലാത്തവർക്കാണെന്നും വ്യവസ്ഥ ലംഘിച്ചെന്നും കണ്ടെത്തി 2002ൽ പട്ടയങ്ങൾ റദ്ദാക്കി ആർ.ഡി.ഒ ഉത്തരവിട്ടു.
ഇതിനെതിരെയാണ് ഉടമകൾ കലക്ടർക്കും ലാൻഡ് റവന്യൂ കമീഷണർക്കും അപ്പീൽ നൽകിയത്. എന്നാൽ, ഇവർ ആവശ്യം തള്ളുകയായിരുന്നു. ഏലം റിസർവ് വനമേഖലയല്ലാത്തതിനാൽ റവന്യൂ അധികൃതരുടെ നടപടി നിലനിൽക്കുന്നതല്ലെന്ന് പ്രഖ്യാപിക്കണമെന്നും ഏറ്റെടുക്കൽ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ടാണ് 2010ൽ ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.