ബി.എസ്.എൻ.എല്ലിൽ വീണ്ടും വി.ആർ.എസ്
text_fieldsതൃശൂർ: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബി.എസ്.എൻ.എൽ) വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്) പ്രഖ്യാപിക്കാൻ നീക്കമെന്ന് സൂചന. കേന്ദ്രസർക്കാറും ബി.എസ്.എൻ.എൽ മാനേജ്മെന്റും ഈ വഴിക്ക് തിരക്കിട്ട നീക്കം നടത്തുന്നതായി പറയപ്പെടുന്നു.
നിജസ്ഥിതി അറിയാൻ കമ്പനിയുടെ ഉന്നതതല മാനേജ്മെന്റ് പ്രതിനിധികളെ സമീപിക്കുന്ന സംഘടന നേതാക്കൾക്ക് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി ലഭിക്കുന്നില്ല. സംശയിക്കപ്പെടേണ്ടതെന്തോ നടക്കുന്നുണ്ടെന്ന് സംഘടന നേതാക്കൾ പറയുന്നു. 2019ൽ പ്രഖ്യാപിച്ച് 2020 ജനുവരിയിൽ നടപ്പായ ആദ്യ വി.ആർ.എസിനുശേഷം ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണ് ബി.എസ്.എൻ.എൽ. അന്ന് ആകെയുള്ളതിന്റെ പകുതി (78,323) ജീവനക്കാരാണ് വി.ആർ.എസ് സ്വീകരിച്ചത്. തുടർന്ന് അവശ്യസേവന വിഭാഗങ്ങളിൽപോലും നിയമനമുണ്ടായില്ല. ധാരാളം പേർ സ്വാഭാവികമായി വിരമിക്കുകയും ചെയ്തു. 2024ലെ കണക്കുപ്രകാരം 56,820 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ബി.എസ്.എൻ.എല്ലിന്റെ പുനരുദ്ധാരണത്തിന് സാം പിത്രോഡ കമ്മിറ്റി നിർദേശിച്ച പദ്ധതികളിലൊന്നായിരുന്നു വി.ആർ.എസ്. 4ജി ഉൾപ്പെടെ വിവിധ പദ്ധതികൾ അതിന്റെ ഭാഗമായിരുന്നു. എന്നാൽ, വി.ആർ.എസ് മാത്രമാണ് നടന്നത്. വർഷം ഇത്ര കഴിഞ്ഞിട്ടും 4ജി നടപ്പാക്കാത്തതിന്റെ തിക്തഫലം കമ്പനി അനുഭവിക്കുകയാണ്.
2022 ആഗസ്റ്റ് ആദ്യവാരം 35,000 പേർക്ക് വി.ആർ.എസ് നൽകാനുള്ള രണ്ടാമത്തെ പാക്കേജ് ചർച്ചചെയ്തിരുന്നു. 45ഉം അതിനു മുകളിലും പ്രായമുള്ളവർക്ക് വി.ആർ.എസ് എന്ന ആശയമാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതാണോ പ്രയോഗിക്കാൻ പോകുന്നതെന്ന ചർച്ച സജീവമാണ്. ഇത് യാഥാർഥ്യമായാൽ അവശേഷിക്കുന്നത് 20,000ത്തോളം ജീവനക്കാരായിരിക്കും. ഈ ആൾശേഷിവെച്ച് ബി.എസ്.എൻ.എല്ലിന് മുന്നോട്ടുപോകാനാവില്ല. സ്വാഭാവികമായും ആ നീക്കം ബി.എസ്.എൻ.എല്ലിനെ സമീപഭാവിയിൽ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിച്ചാവുമെന്ന സംശയം സംഘടനകൾ പ്രകടിപ്പിക്കുന്നു.
കഴിഞ്ഞമാസം ടാറ്റ കൺസൽട്ടൻസി സർവിസസ് 15,000 കോടി രൂപ ബി.എസ്.എൻ.എല്ലിൽ നിക്ഷേപിച്ചിട്ടുണ്ട്. ഡേറ്റ സെന്ററുകൾ സ്ഥാപിച്ച് ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ടാറ്റ നടപ്പാക്കാൻ പോകുന്നതെന്ന് പറയുന്നു. ‘ടാറ്റ ഡോകോമോ’ വർഷങ്ങൾക്കുമുമ്പ് പിൻവാങ്ങിയശേഷം വീണ്ടും ടെലികോം വിപണിയിൽ ഇറങ്ങുന്നതിലപ്പുറം എന്തെങ്കിലും നീക്കം നിക്ഷേപം ഇറക്കിയതിനു പിന്നിൽ ടാറ്റക്ക് ഉണ്ടോ എന്ന ചർച്ചയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.