ബാർ കോഴ; തുടരന്വേഷണം വൈകുന്നതിനെതിരെ വി.എസ് ഹൈകോടതിയിൽ
text_fieldsകൊച്ചി: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരെ വി.എസ്. അച്യുതാനന്ദൻ ഹൈകോടതിയിൽ. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണം വേണ്ട പരാതികളിൽ മുൻകൂർ അനുമതി വേണമെന്നതിനാൽ മാണിക്കെതിരായ തുടരന്വേഷണത്തിനും മുൻകൂർ അനുമതി തേടണമെന്ന് സെപ്റ്റംബർ 18ലെ ഉത്തരവിൽ തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു.
മാണിക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് തള്ളിയാണ് തുടരന്വേഷണത്തിനും മുൻകൂർ അനുമതിക്കും ഉത്തരവിട്ടത്. 2014 ഡിസംബർ 10ന് രജിസ്റ്റർ ചെയ്ത കേസിൽ 2018 ജൂലൈ 26ന് അഴിമതി നിരോധന നിയമത്തിൽ െകാണ്ടുവന്ന ഭേദഗതി പ്രകാരമുള്ള മുൻകൂർ അനുമതി നടപടികൾ വേണ്ടതില്ലെന്നാണ് അച്യുതാനന്ദെൻറ ഹരജിയിലെ വാദം.ധനമന്ത്രിയായിരിക്കെ കെ.എം. മാണി ബാർ ലൈസൻസ് പുതുക്കിനൽകാൻ ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിെൻറ വെളിപ്പെടുത്തലിനെത്തുടർന്ന് ഹരജിക്കാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ബാർ കോഴ: തുടരന്വേഷണ ഉത്തരവും എഫ്.െഎ.ആറും റദ്ദാക്കാൻ മാണിയുടെ ഹരജി
കൊച്ചി: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനുള്ള വിജിലൻസ് കോടതി ഉത്തരവും തനിക്കെതിരായ എഫ്.െഎ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം. മാണി ഹൈകോടതിയിൽ. മൂന്നുതവണ അന്വേഷണം നടത്തിയിട്ടും അേന്വഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ടാണ് വിജിലൻസ് സമർപ്പിച്ചത്. എന്നിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് ഹരജിയിൽ പറയുന്നു. കേസിൽ തുടർ നടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കി വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളിയാണ് കോടതി തുടരന്വേഷണം ഉത്തരവായത്.
നേരേത്ത രണ്ടുതവണ കോടതി ഉത്തരവനുസരിച്ച് വിജിലൻസ് അന്വേഷണം നടത്തിയിട്ടും തെളിവൊന്നും ലഭിക്കാതിരിക്കെ മൂന്നാം തവണയും തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് വസ്തുതകൾ മനസ്സിലാക്കാതെയാണ്. വിജിലൻസിെൻറ റിപ്പോർട്ട് സ്വീകരിക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നും തുടരന്വേഷണം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ മറ്റ് ആവശ്യങ്ങൾ. വിജിലൻസ് കോടതിയുത്തരവിന്മേലുള്ള തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.