ആർ.എസ്.എസ് നേതാവിന്‍റെ പരിപാടിയില്‍ ‘വി.എസും’ പങ്കെടുത്തിട്ടുണ്ട്; പിണറായിക്ക് മറുപടിയുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാവും ഭാരതീയ വിചാര കേന്ദ്രം മേധാവിയുമായ പി. പരമേശ്വരന്‍റെ പുസ്തകപ്രകാശനം നിർവഹിച്ചത് സംബന്ധിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന വേദിയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
2013ല്‍ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്‍ എഴുതിയ 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ചടങ്ങില്‍ പി. പരമേശ്വരനും ഉണ്ടായിരുന്നു. വി.എസ്. പരിപാടിയിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പി. പരമേശ്വരന്‍റെ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്, മാതൃഭൂമി മാനേജിങ് ഡറക്ടറായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ക്ഷണപ്രകാരം താനും പങ്കെടുത്തത്. വിവേകാനന്ദന്‍ ഹിന്ദുവിനെ കുറിച്ച് പറഞ്ഞതും സംഘ്പരിവാര്‍ മുന്നോട്ട് വക്കുന്ന ഹിന്ദുത്വവും രണ്ടാണെന്നാണ് താന്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതെന്നും വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സംഘ്പരിവാർ ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്കുകൊളുത്തി കൈകൂപ്പി നിന്നത് ആരാണെന്നും കമ്യൂണിസ്റ്റ് നേതാവ് അല്ലല്ലോ എന്നുമാണ് പിണറായി വിജയൻ ഇന്നലെ ചോദിച്ചത്. പി. പരമേശ്വരന്‍റെ പുസ്തകപ്രകാശനം തൃശൂരിൽ നിർവഹിച്ചതും കോൺഗ്രസ് നേതാവ് തന്നെയല്ലേ. ദേശീയ തലത്തിലും ഇതുതന്നെയല്ലോ ചരിത്രം.
’86ൽ ബാബരി മസ്ജിദ് വിഗ്രഹാരാധനക്ക് തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയല്ലേ. മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബൊലെ എഴുതിയ പുസ്തകത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയെ രണ്ടാം കർസേവകനെന്നും പി.വി. നരസിംഹറാവുവിനെ നാലാം കർസേവകനെന്നുമാണ് വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞ ഒന്നാം കർസേവകൻ മുൻ ഫൈസാബാദ് കലക്ടർ കെ.കെ. നായരും മൂന്നാം കർസേവകൻ ബി.ജെ.പി നേതാവ് കല്യാൺ സിങ്ങുമായിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അതിന്റെ നേതൃസ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ, ബി.ജെ.പിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിരന്തരം അപമാനിച്ച ആളാണ് പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത്? സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് പിണറായി വിജയന്റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സി.പി.എമ്മിനും വേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.