ഭരണവും ജനങ്ങളും തമ്മിൽ വലിയ വിടവ് -വി.എസ്
text_fieldsതിരുവനന്തപുരം: ഭരണയന്ത്രവും ജനങ്ങളും തമ്മിൽ വലിയ വിടവാണ് നിലനിൽക്കുന്നതെന്നും ഏറ്റവും വലിയ നീതിനിഷേധമാണിതെന്നും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മന്ത്രിമാരും സെക്രേട്ടറിയറ്റും ഉദ്യോഗസ്ഥരും ജനങ്ങൾക്കു വേണ്ടിയാണെന്നും ജനങ്ങളാണ് അതു നിലനിർത്തുന്നതെന്നും അദ്ദേഹം ഒാർമപ്പെടുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച് ഭരണപരിഷ്കാര കമീഷൻ സംഘടിപ്പിച്ച ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു വി.എസ്.
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോട് മാത്രമാണ് സർക്കാറിന് ബാധ്യത. ആ ബാധ്യത നിറവേറ്റുന്ന സങ്കീർണമായ പ്രവർത്തനത്തെയാണ് ഭരണം എന്നു പറയുക. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതു കൂടിയാണ് നല്ല ഭരണം. എന്തെല്ലാം വിമർശനങ്ങളുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ജനാധിപത്യ മികവുണ്ടെന്നത് നമ്മുടെ സ്വകാര്യ അഹങ്കാരമാണ്. പല ഘടകങ്ങളാണ് ഇത്തരമൊരു മികവിനു കാരണം. എന്നാൽ, കാലതാമസവും ഉദ്യോഗസ്ഥ മേധാവിത്വവും കാര്യക്ഷമതയുടെ കുറവും വലിയ പരാതിയായി നിലനിൽക്കുന്നു.
സർക്കാറിൽനിന്നുള്ള സേവനം ജനങ്ങളുടെ അവകാശമാണെങ്കിലും പലപ്പോഴും അതു ലംഘിക്കപ്പെടുന്നതായാണ് കാണുന്നത്. ഭരണകൂടവും ജനങ്ങളും തമ്മിെല പാരസ്പര്യമാണ് ജനാധിപത്യത്തിെൻറ ശക്തി. തുല്യനീതി നിഷേധിക്കപ്പെടുേമ്പാഴാണ് ഒരു വിഭാഗം പാർശ്വവത്കരിക്കപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാൻ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അർഹരിൽ എത്തുന്നില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രതിവിധിയാണ് ഭരണപരിഷ്കാര കമീഷൻ നിർദേശിക്കുന്നതെന്നും വി.എസ്. വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.