ആദ്യ പിണറായി സർക്കാറിന്‍റെ വരവിന് വഴിയൊരുക്കിയത് വി.എസ് -ജി. സുധാകരൻ
text_fieldsആലപ്പുഴ: ആദ്യ പിണറായി സർക്കാറിന്‍റെ വരവിന് അടിത്തറ പാകിയത് വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലെ സർക്കാറിന്‍റെ പ്രവർത്തനങ്ങളെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. മികച്ച സർക്കാറായിരുന്നു വി.എസിന്‍റേത്. കൂടുതൽ വികസനം നടന്നത് ആദ്യ പിണറായി സർക്കാറിന്‍റെ കാലത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമനിർമാണ രംഗത്ത് പൊതുവെയും ഭൂപരിഷ്കരണം അടക്കവും കാര്യങ്ങളിലും ഇ.എം.എസിന്‍റേത് മുതലുള്ള ഇടതുസർക്കാറുകൾ വലിയ സംഭാവനയാണ് സംസ്ഥാനത്തിന്‍റെ ഉന്നതി ലക്ഷ്യമാക്കി ചെയ്തത്. മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് സർക്കാറിനുമെതിരെ അപവാദപ്രചാരണം നടക്കുന്നതായി ആരോപിച്ച് ആലപ്പുഴയിൽ നടന്ന പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലസേചന വകുപ്പിലെ അഴിമതി അവസാനിപ്പിക്കാൻ കർശന ഇടപെടൽ ആവശ്യമാണ്. ഈ വകുപ്പിൽ അഴിമതി എന്നുമുണ്ടായിരുന്നു. ഇത് തുടരാൻ അനുവദിച്ചുകൂടെന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് വർഗീയ, വലതുപക്ഷ ശക്തികൾ നടത്തുന്നത്. ഒന്നാം പിണറായി സർക്കാറിനെതിരെയും ഇത്തരക്കാർ നുണപ്രചാരണങ്ങൾ നടത്തിയെങ്കിലും ജനം സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു എന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.