അഭിഭാഷകർ അമിത ഫീസ് നിയന്ത്രിക്കണം –വി.എസ്
text_fieldsകൊച്ചി: നിയമനിർമാണത്തിന് കാത്തുനിൽക്കാതെ അമിത ഫീസ് ഈടാക്കുന്നത് അഭിഭാഷകർ സ്വയം നിയന്ത്രിക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. അഭിഭാഷകരുടെ പേരും പെരുമയും നോക്കി കേസിൽ തീർപ്പുകൽപിക്കുന്നത് ശരിയല്ല. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാർ കേസിൽ ഹൈകോടതിയിൽ ഹാജരാകാൻ സുപ്രീംകോടതിയിലെ അഭിഭാഷകൻ 82 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഭിഭാഷകന് 60 ലക്ഷം നൽകണമെന്ന് അറിയിച്ച സെക്രട്ടറി, അല്ലറച്ചില്ലറ കാര്യങ്ങൾക്ക് മറ്റൊരു 20 ലക്ഷവുമൊക്കെ ചേർത്താണ് 82 ലക്ഷം ആവശ്യപ്പെട്ടത്. മനക്കട്ടിയുള്ളതുകൊണ്ട് ഇതുകേട്ട് താൻ ഞെട്ടിയില്ല. വാഹനാപകടക്കേസിൽ നഷ്ടപരിഹാരമായി പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്ന തുക ആർത്തിക്കാരായ ചില അഭിഭാഷകർ തട്ടിയെടുക്കുന്നതായും ആക്ഷേപമുണ്ട്. നിയമപുസ്തകത്തിലെ ചത്ത അക്ഷരങ്ങളിലല്ല, സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിലാണ് നിയമത്തിെൻറ സത്ത തെളിയേണ്ടത്. കേസുകൾ കെട്ടിക്കിടക്കുന്നത് സാധാരണക്കാർക്ക് നീതിനിഷേധിക്കുന്നതിന് തുല്യമാണ്. മനുഷ്യനോടും അവെൻറ ജീവിതപ്രശ്നങ്ങളോടും എന്നും ഒട്ടിനിന്ന മനുഷ്യനാണ് കൃഷ്ണയ്യരെന്ന് വി.എസ് അനുസ്മരിച്ചു.
കൃഷ്ണയ്യർ സ്മാരക അവാർഡ് ഡോ. കെ. വനജ, റീം ഷംസുദ്ദീൻ, ജോബി മാത്യു എന്നിവർക്ക് വി.എസ് വിതരണം ചെയ്തു. കെ.ആർ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. പാതയോര മദ്യശാലകൾ നിയന്ത്രിച്ച് ഉത്തരവിറക്കിയ സുപ്രീംകോടതിയിൽനിന്ന് പിന്നീടുണ്ടായ ഉത്തരവുകൾ അമ്പരപ്പിക്കുന്നതാണെന്ന് യോഗത്തിൽ സംസാരിച്ച വി.എം. സുധീരൻ പറഞ്ഞു.
പ്രഫ. എം.കെ. സാനു അനുസ്മരണപ്രഭാഷണം നടത്തി. ബിനോയ് വിശ്വം, ഡോ. സനൽകുമാർ, കെ.എം. നാസർ എന്നിവർ സംസാരിച്ചു. കളമശ്ശേരിയിൽ തുടങ്ങുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് കൃഷ്ണയ്യരുടെ പേര് നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.