അപകീർത്തികരം എന്നത് ഉമ്മൻ ചാണ്ടിയുടെ തോന്നൽ; 10 ലക്ഷം നൽകണമെന്ന വിധിക്കെതിരെ അപ്പീൽ പോകും -വിഎസ്
text_fieldsതിരുവനന്തപുരം: മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകണമെന്ന സബ്കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് വിഎസ് അച്യുതാനന്ദൻ. സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശത്തിന്‍റെ പേരിലായിരുന്നു 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേൽ ഉത്തരവിട്ടത്.
പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നുവെന്നും വി.എസ്. ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ കൂടിയായിരുന്നു പ്രതികരണം. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തിയാണെന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പുണ്ട്. കീഴ്കോടതിയുടെ വിധി യുക്തിസഹമല്ല. ഇത്തരം കേസുകളിൽ കീഴ്കോടതികളിൽ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍റെ ഓഫിസിൽ നിന്ന് അറിയിച്ചു.
വൈകാരികമായിട്ടാണ് സബ്കോടതി കേസ് പരിഗണിച്ചത്. എന്നാൽ വൈകാരികമായിട്ടല്ല കേസ് പരിഗണിക്കേണ്ടിയിരുന്നത്. നിയമപരമായും തെളിവുകൾ നിരത്തിയുള്ള വിലയിരുത്തലുമാണ് ഉണ്ടാകേണ്ടിയിരുന്നത്. ഇത് ഉണ്ടാകാത്ത കാര്യം കോടതിയെ അറിയിക്കും. കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്നും വി.എസിന്‍റെ ഓഫിസ് അറിയിച്ചു
വി.എസിന്‍റെ ഓഫിസ് പ്രസിദ്ധീകരിച്ച കുറിപ്പിന്‍റെ പൂർണരൂപം:
സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ. ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീ.ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.
കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ.ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ.ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക്അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.