സമരം മൂന്നാംപക്കത്തിലേക്ക്: എം.എൽ.എമാരെ വി.എസ് സന്ദർശിച്ചു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശ വിഷയത്തിൽ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവരെ ഭരണപരിഷ്കാര ചെയർമാൻ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്പാണ് വി.എസ് എം.എല്‍.എമാരുടെ അടുത്തെത്തി ആരോഗ്യ വിവരം അന്വേഷിച്ചത്. നിരാഹാരമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സി.പി.എം നേതാവ് എം.എം മണിയും കെ.ബി ഗണേഷ്കുമാറും സന്ദർശിച്ചു.
അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാർക്കൊപ്പം അനുഭാവ സത്യഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ എന്നിവര്‍ സത്യഗ്രഹമിരിക്കും.
ശനി, ഞായർ ദിവസങ്ങളിൽ നിയമസഭ ചേരാത്തതിനാൽ തിങ്കളാഴ്ച വരെയും സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അനുയായികളെ അണിനിരത്തി സമരം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.