ലോ അക്കാദമി: സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ല –വി.എസ്
text_fieldsതിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വ്യത്യസ്തനിലപാടുമായി സി.പി.എം നേതാക്കള്‍. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ളെന്ന് ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഒരു കോളജിന് മാത്രം ബാധകമായ വിദ്യാര്‍ഥിസമരം ആണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ അഭിപ്രായം.
സമരവും അതില്‍ ഉന്നയിച്ച ആവശ്യങ്ങളും ന്യായമാണെന്ന നിലപാടിലാണ് സി.പി.ഐ. സമരത്തെക്കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു വി.എസിന്‍െറ പ്രതികരണം. നിയമവിരുദ്ധമായി ലോ അക്കാദമി അധികൃതര്‍ കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന നിലപാടും അദ്ദേഹം പ്രകടിപ്പിച്ചു. 10-13 ഏക്കര്‍ ഭൂമി യഥേഷ്ടം കൈകാര്യംചെയ്തുകൊണ്ടിരിക്കുന്നു. താന്‍ കഴിഞ്ഞ നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ അതിനനുസരിച്ച് നടപടി എടുത്തില്ല.നിയമവിരുദ്ധമായി നീങ്ങുന്നവരെ അടിയന്തമായും കണിശമായും നിയന്ത്രിക്കണം. മന്ത്രിസഭാതീരുമാനങ്ങള്‍ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കേണ്ട കാര്യമുണ്ടെങ്കില്‍ അത് വിശദീകരിക്കണമെന്നും ഭരണപരിഷ്കാര കമീഷന്‍െറ വാര്‍ത്താസമ്മേളനത്തിനിടെ വി.എസ് പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പലിന്‍െറ രാജിക്കാര്യത്തില്‍ പാര്‍ട്ടിക്ക് നിലപാടില്ളെന്ന് കോടിയേരി ബാലകൃഷ്ണന്‍ സൂചിപ്പിച്ചു. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നത് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടെടുക്കേണ്ട കാര്യമില്ല. സമരം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ല. ഇതിനെ രാഷ്ട്രീയസമരമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.