‘‘പശു മാതാവണത്രെ, കാള ഇവരുടെ അച്ഛനാണോ?’’; വി.എസിന്‍റെ പഴയ പ്രസംഗം വീണ്ടും പ്രചരിക്കുന്നു
text_fieldsവലന്‍റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് വന്നതിനുപിന്നാലെ ട്രോളുകളുടെ പേമാരിയാണ്. സംഘ്പരിവാർ സംഘടനകളുടെ പശുസ്നേഹത്തെ ഇകഴ്ത്തി കാണിച്ചുകൊണ്ടുള്ളവയാണ് ഏറെയും.
ഇതിനിടയിലാണ് മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ പഴയ പ്രസംഗം വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ``പശു മാതാവണത്രെ, അപ്പോൾ പശുവിന്റെ ഇണയായ കാള ഇവരുടെ അച്ഛനാണോ?. വിവരമില്ലാതെ, യുക്തി ബോധമില്ലാതെ ജനങ്ങളെ പറ്റിക്കുക മാത്രമല്ല, അതികഠിനമായ ശിക്ഷാ സമ്പ്രദായമാണിവർ നടപ്പിലാക്കുന്നത്''.
വി.എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷ് ഉൾപ്പെടെയുള്ളവർ പ്രസംഗത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്തയുടെ ആഹ്വാനത്തിൽ പറയുന്നത്.
പശുവിനുള്ള വളരെയേറെ ഗുണങ്ങൾ പരിഗണിക്കുമ്പോൾ, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂർണവും ഏവർക്കും സന്തോഷം നിറക്കുന്നതുമാണ്. പശു നൽകുന്ന പോസിറ്റീവ് എനർജിയും ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗോമാതാവിന്‍റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്‍റെ നടപടി വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയരുമ്പോൾ സംഘപരിവാർ അനുകൂലികൾ 'കൗ ഹഗ് ഡേ'യെ സ്വാഗതം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.