നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ; വി.എസ്. അച്യുതാനന്ദന് മറ്റന്നാൾ നൂറാം പിറന്നാൾ
text_fieldsതിരുവനന്തപുരം: മലയാളത്തിന്റെ വിപ്ലവവീര്യം വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിൽ. വി.എസ് നടന്നുതാണ്ടിയ വഴികൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമാണ്. ആലപ്പുഴയിലെ ഒരു പിന്നാക്ക കുടുംബത്തില്‍ 1923 ഒക്ടോബര്‍ 20നായിരുന്നു ജനനം. വരുന്ന വെള്ളിയാഴ്ച നൂറ് വയസ്സ് തികക്കുന്ന വി.എസിന് തുല്യനായി പറയാൻ മറ്റൊരു പേരില്ല. ഇല്ലായ്മകളിൽ നിന്ന്, തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന്, പരിസ്ഥിതി, തൊഴിൽ, മനുഷ്യാവകാശ, സ്ത്രീപക്ഷ പോരാട്ടങ്ങളുടെ ചാമ്പ്യനായി സ്വയം സൃഷ്ടിക്കപ്പെട്ട നേതാവാണ് അദ്ദേഹം.
പ്രായത്തിന്റെ അവശതകളാൽ ഏതാനും വർഷങ്ങളായി വിശ്രമത്തിലാണ് വി.എസ്. വീട്ടുകാർ ചേർന്ന് പതിവ് ഊണിനപ്പുറം നൂറാം പിറന്നാൾ ദിനത്തിലും മാറ്റമില്ലെന്ന് മകൻ അരുൺകുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ സന്ദർശകരെ സ്വീകരിക്കാറില്ല. ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ നായകനാണ് വി.എസ്. 2019ലെ പുന്നപ്ര-വയലാർ അനുസ്മരണ പരിപാടിയായിരുന്നു വി.എസ് പ്രസംഗിച്ച അവസാന പൊതുപരിപാടി. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗം ആകർഷകമല്ല. എങ്കിലും ആ വാക്കുകൾക്കായി കേരളം കാതോർത്തിരുന്നു. കാരണം, കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനകീയനായിരുന്നു വി.എസ്.
സി.പി.ഐ കേന്ദ്രസമിതിയില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപവത്കരിച്ച 32 പേരില്‍ ശേഷിക്കുന്ന രണ്ടു നേതാക്കളിലൊരാളാണ് വി.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.