സർക്കാറിനെ പരോക്ഷമായി വിമർശിച്ച് വി.എസ്
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ എന്നിവയിൽ സർക്കാറിനെ പരോക്ഷമായി വിമർശിച്ച് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. പൊലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെയും അദ്ദേഹം എതിർത്തു. നിയമസഭയിൽ ധനവിനിയോഗ ബില്ലിെൻറ ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിെൻറ പരാമർശം.
പൊലീസിനെതിരെയുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണം. പൊലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കിയാല്‍ എന്തൊക്കെ ദുര്യോഗങ്ങളാണ് സംഭവിക്കുക എന്ന സൂചനയിലേക്ക് കണ്ണുതുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ കര്‍ശന നടപടിയെടുക്കണമെന്ന് നെടുങ്കണ്ടം ഉരുട്ടിക്കൊലയെ പരോക്ഷമായി പരാമര്‍ശിച്ച് വി.എസ് പറഞ്ഞു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറാണ് പൊലീസിന് ജുഡീഷ്യൽ അധികാരം നൽകാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇടത് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
ആന്തൂരില്‍ പ്രവാസി മലയാളി ആത്മഹത്യചെയ്ത സംഭവത്തിലെ അനിഷ്ടവും വി.എസ് പറയാതെ പറഞ്ഞു.
ഭരണനേട്ടങ്ങളുടെ അവകാശികളായിരിക്കുമ്പോഴും പിഴവുകളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ജനപ്രതിനിധികൾക്ക് ഒഴിയാനാകില്ല. ചില കാര്യങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിച്ചിട്ടുമുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും കേരളത്തിെൻറ പുനർനിർമാണത്തിനായി സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.