എം.എൻ. വിജയൻ പു.ക.സക്ക് സ്വീകാര്യനായതിൽ അത്ഭുതം -വി.എസ്. അനിൽകുമാർ
text_fieldsകണ്ണൂർ: എം.എൻ. വിജയൻ പുരോഗമന കലാസാഹിത്യ സംഘത്തിന് (പു.ക.സ) സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്ന് മകനും എഴുത്തുകാരനുമായ വി.എസ്. അനിൽകുമാർ. പു.ക.സ നടത്തുന്ന എം.എൻ. വിജയൻ സ്മൃതിയാത്ര ധാർമികതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘‘പാർട്ടിയും പു.ക.സയും എം.എൻ. വിജയനെ പരമാവധി തേജോവധം ചെയ്യുകയാണുണ്ടായത്. പാർട്ടിവിരുദ്ധൻ, നികൃഷ്ടൻ, നീചൻ എന്നൊക്കെയായിരുന്നു മുമ്പ് വിശേഷണം. പുരക്ക് ചാഞ്ഞ മരം എന്നു വിശേഷിപ്പിച്ച് പുസ്തകവുമിറക്കി. ഇപ്പോൾ സ്വീകാര്യനായതിൽ അത്ഭുതമുണ്ട്.
രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾകൊണ്ട് പു.ക.സയിൽ ‘രാജിയും ഒരു രാഷ്ട്രീയപ്രവർത്തനമാണ്’ എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിയ ആളാണ് അദ്ദേഹം. പാർട്ടിയുടെ ഒരുപാട് വേദികളിൽ കേരളത്തിലങ്ങോളമിങ്ങോളം സംസാരിച്ചിരുന്ന ആളാണ് എം.എൻ. വിജയൻ. മലപ്പുറം സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് ആദ്യം അച്ചടിക്കുകയും പിന്നീട് വെട്ടിമാറ്റുകയുമായിരുന്നു.
അത് പ്രത്യക്ഷമായൊരു ശിക്ഷാനടപടിയായിരുന്നു. ഒരാളെ പുറത്താക്കിയാൽ തിരിച്ചെടുക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടു കാരണങ്ങളുണ്ടാവണം. ഒന്ന്, അദ്ദേഹം ചെയ്ത തെറ്റിന് മാപ്പു പറയണം. രണ്ടാമത്, പുറത്താക്കിയവരാണ് തെറ്റു ചെയ്തത് എന്ന് സ്വയം മനസ്സിലായെങ്കിൽ അവർക്ക് മാപ്പുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചുവിളിക്കാം. ഇതിൽ ഏതാണ് ഇവിടെ സംഭവിച്ചത്?’ -അദ്ദേഹം ചോദിച്ചു.
16 വർഷം എന്തുകൊണ്ട് എം.എൻ. വിജയനെ സ്മരിച്ചില്ല. എന്തോ വേവലാതികളിൽനിന്ന് മോചനം നേടാനുള്ള പാർട്ടിയുടെ മാർഗമാണെന്ന് സംശയമുണ്ട്. പു.ക.സക്കും സി.പി.എമ്മിനും എതിർവാദങ്ങളെ സഹിക്കാനുള്ള ത്രാണിയില്ല. അദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് തിരുത്തി. എന്തായാലും ഞങ്ങളോട് അനുവാദം ചോദിക്കേണ്ട മര്യാദപോലും കാട്ടിയിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.