ബന്ധു നിയമന വിവാദം അന്വേഷിക്കണം -വി.എസ്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിലെ ബന്ധു നിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരാജന് എതിരെ മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ രംഗത്ത്. നിയമന വിവാദം സർക്കാർ അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിഷയത്തെ സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാദം സർക്കാറിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നാണ് വി.എസ് മറുപടി പറഞ്ഞത്. കുമാരപുരത്ത് സ്വകാര്യ കണ്ണാശുപത്രിയുടെ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ് നിയമന വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി ഇ.പി ജയരാജനെതിരെയാണ് വി.എസ് പ്രതികരിച്ചതെങ്കിലും ലക്ഷ്യമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നാണ് വിലയിരുത്തൽ.
നിയമന വിവാദത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു ചിലരും നൽകിയ പരാതി വിജിലൻസ് വകുപ്പ് വൈകാതെ പരിശോധിക്കുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി വിജിലൻസ് ഡയറക്ടർ ഇന്നോ തിങ്കളാഴ്ചയോ കൂടിക്കാഴ്ച നടത്തിയേക്കും.
ജയരാജന്‍റെ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത് വൻ വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു.
നിയമന വിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ പറഞ്ഞത്. വിവാദ നിയമനങ്ങളെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.