പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്ക്; അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂർഖനാണോ എന്നറിയൂ -വി.എസ്. സുനിൽകുമാർ
text_fieldsതൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകൽ ഒരു പ്രശ്നവുമില്ലായിരുന്നെന്നും രാത്രി പൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിന് പിന്നിൽ. നേതൃത്വം കൊടുത്തത് ആരായാലും പുറത്തുവരണം. എ.ഡി.ജി.പി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. ബി.ജെ.പി സ്ഥാനാർഥി ആർ.എസ്.എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസിന് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രി ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു.
പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താൻ. ബി.ജെ.പി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. എ.ഡി.ജി.പിയെ ബന്ധപ്പെടുത്തി ഒന്നും ഇപ്പോൾ പറയാനില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. എന്നാലേ ചേരയാണോ മൂർഖനാണോ എന്ന് അറിയുകയുള്ളൂവെന്നും സുനിൽ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.