തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് വി. എസിന്‍റെ പിന്തുണ
text_fieldsആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യക്ക് വേണ്ടിയുള്ള സമരപരിപാടിക്ക് പിന്തുണയുമായി മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ. സാധാരണക്കാരെയും പാവപ്പെട്ടവരെയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവൻ പ്രധാനമന്ത്രിക്ക് 10 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിക്കുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ഉദ്ഘാടനം വി.എസ്. നിർവഹിച്ചു.
ആലുവ പാലസിൽ നടന്ന പരിപാടിയിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം ജീവിതം വഴിമുട്ടിയ നിരവധി പേരുടെ സങ്കടകഥകൾ അടങ്ങിയ പത്ര റിപ്പോർട്ടുകൾ വി.എസിന് ജനസേവ ചെയർമാൻ ജോസ് മാവേലി സമർപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങൾ തെരുവുനായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയതും തെരുവുനായ്ക്കൾ മൂലം മരണമടഞ്ഞവരുടേയും മറ്റും വാർത്തകൾ കണ്ട വി.എസ്, തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
തെരുവുനായ വിമുകത കേരളത്തിനായി ജനസേവ ശിശുഭവൻ കഴിഞ്ഞ വർഷം രണ്ട് ലക്ഷംപേരുടെ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി ജോസ് മാവേലി പറഞ്ഞു. ജനസേവ ശിശുഭവന്‍റെയും തെരുവുനായ പീഡിത സംഘത്തിന്‍റെയും കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനഫലമായി പട്ടികടിയേറ്റ് ദുരിതമനുഭവിക്കുന്ന ഒട്ടേറെ ആളുകൾക്ക് സർക്കാരിൽ നിന്നും നഷ്‌ടപരിഹാരം വാങ്ങി കൊടുക്കുവാൻ സാധിച്ചു. തെരുവുനായ്ക്കളുടെ ആക്രമണം പതിന്മടങ്ങ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജനസേവ ശിശുഭവൻ തെരുവുനായ വിമുകത ഇന്ത്യ നടപ്പിലാക്കുക എന്ന രണ്ടാംഘട്ട സമരപരിപാടി ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.