പാലക്കാടിന്‍റെ പൾസ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വി.എസ്. വിജയരാഘവൻ
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് മുതിർന്ന നേതാവും മുൻ എം.പിയുമായ വി.എസ്. വിജയരാഘവൻ. പാലക്കാടിന്‍റെ പൾസ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വിജയരാഘവൻ പറഞ്ഞു.
മനസ് കൊണ്ടും പ്രവൃത്തി കൊണ്ടും ചെറുപ്പമായവരാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടത്. സ്ഥാനാർഥിത്വത്തിലേക്ക് ഉയർന്നു കേൾക്കുന്ന എല്ലാ പേരുകളും മികച്ചതാണ്. ആര് മൽസരിച്ചാലും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും.
ഓരോ സ്ഥാനാർഥികളുടെയും ഗുണവും കഴിവും ജനങ്ങളുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്. എല്ലാവർക്കും ഗുണവും ദോഷവുമുണ്ട്. ജനങ്ങളുമായി സഹകരിക്കാനും നല്ലത് ചെയ്യാനും ആഗ്രഹിക്കുന്നവർ സ്ഥാനാർഥിയാകണമെന്നും വി.എസ്. വിജയരാഘവൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. സ്ഥാനാർഥി സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡും കെ.പി.സി.സിയും അഭിപ്രായം ചോദിച്ചാൽ പറയുമെന്നും ചാനൽ അഭിമുഖത്തിൽ വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മുൻ എം.എൽ.എയും കെ.പി.സി.സി ഉപാധ്യക്ഷനുമായ വി.ടി. ബൽറാം, കെ.പി.സി.സി ഡിജിറ്റർ മീഡിയ കൺവീനർ ഡോ. പി. സരിൻ, മുൻ എം.പി കെ. മുരളീധരൻ എന്നിവരുടെ പേരുകളാണ് പാലക്കാട്ടേക്ക് ഉയർന്നു കേൾക്കുന്നത്. കൂടാതെ, സ്ഥാനാർഥിത്വം സംബന്ധിച്ച് പാലക്കാട് മുൻ എം.എൽ.എ ഷാഫി പറമ്പിലിന്‍റെ അഭിപ്രായവും കെ.പി.സി.സി നേതൃത്വം തേടും.
ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോളെ സ്ഥാനാർഥിയാക്കാൻ സി.പി.എം പാലക്കാട് ജില്ല ഘടകത്തിന്‍റെ നിർദേശമുണ്ട്. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. മുമ്പ് ചില ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ചർച്ചയിലില്ല.
അതിനിടെ, ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. പാലക്കാട് നഗരസഭ ഓഫിസിനു മുന്നിലാണ് ‘ശോഭ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ എന്ന ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഇതിനകം സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കെയാണ് ശോഭ സുരേന്ദ്രൻ വിഭാഗം ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
പാലക്കാട് നഗരസഭയിലടക്കം 28 കൗൺസിലർമാരിൽ 24 പേരും ശോഭ അനുകൂലികളാണ്. കഴിഞ്ഞ ദിവസം ഭാരവാഹികൾക്കിടയിൽ നടന്ന അഭിപ്രായ സർവേയിൽ കൂടുതൽ വോട്ട് ലഭിച്ചതും ശോഭ സുരേന്ദ്രനാണ്. ആർ.എസ്.എസ് നേതൃത്വത്തിലും സംഘ്പരിവാർ സംഘടനകളിലും മുൻതൂക്കം ഇവർക്കാണ്.
ഈ ഘടകങ്ങൾ മുൻ ലോക്സഭ സ്ഥാനാർഥി കൂടിയായ സി. കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിന് ഭീഷണിയാണ്. ഇത് മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ് അവർ. നഗരസഭക്ക് പുറത്ത് മൂന്നു പഞ്ചായത്തുകളിലും, സ്ത്രീ വോട്ടർമാർക്കിടയിലും ശോഭ സുരേന്ദ്രന് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അവരുടെ വിഭാഗം കരുതുന്നു. കഴിഞ്ഞ ദിവസം കൗൺസിലർ എൻ. ശിവരാജൻ ശോഭ സുരേന്ദ്രനെ അനുകൂലിച്ച് പ്രസ്താവനയിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.