മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാനായി കേന്ദ്രം കൂടുതൽ മണ്ണെണ്ണ ക്വാട്ട അനുവദിക്കണമെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാനായി കൂടുതൽ മണ്ണെണ്ണ ക്വാട്ട കേന്ദ്രം അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് മണ്ണെണ്ണ കേരളത്തിന് അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ആവശ്യം കേന്ദ്രസർക്കാർ നിരാകരിക്കുകയാണ്. ഒരു ലിറ്ററിന് 24 രൂപ ഉണ്ടായിരുന്നിടത്ത് 122 രൂപയ്ക്കാണ് സബ്സിഡിരഹിത മണ്ണെണ്ണ ഇപ്പോൾ കേന്ദ്രം നൽകുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ഇന്ധനവില വർധനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികൾ ശക്തമായ പ്രക്ഷോഭത്തിന്റെ പാതയിലാണ്. മണ്ണെണ്ണയുടെ ക്വാട്ട വർധിപ്പിച്ച് ന്യായവിലക്ക് നൽകാൻ തയ്യാറായില്ലെങ്കിൽ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കേന്ദ്രസർക്കാരിന്റെ നടപടി മൂലം ദുരിതത്തിലാകുന്നത്.
ഭവന നിർമ്മാണത്തിനുള്ള ആനുകൂല്യം 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയാക്കി ഉയർത്തി. 2016-17 വർഷം മുതൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 3,561 പേർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകി. പുനർ ഗേഹം പദ്ധതി വഴി കടലാക്രമണ ഭീഷണി നേരിടുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
സുരക്ഷ വർദ്ധിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആധുനിക വിവരവിനിമയ ഉപകരണം വാങ്ങുന്നതിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.