വി.എസ്.എസ്.സി കോപ്പിയടി: അന്വേഷണസംഘം ഹരിയാനക്ക്
text_fieldsതിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിൽ ദുരൂഹതകളേറെ. ഞായറാഴ്ച നടന്ന പരീക്ഷ റദ്ദാക്കിയെങ്കിലും എത്രപേർ ആൾമാറാട്ടം നടത്തിയെന്നതടക്കമുള്ള നിരവധി വസ്തുതകളാണ് പൊലീസ് കണ്ടെത്തേണ്ടത്.
മഞ്ഞുമലയുടെ ഒരറ്റത്താണ് തങ്ങളെന്നാണ് പൊലീസ് ഉദ്യോഗസ്ഥർതന്നെ ഈ തട്ടിപ്പിനെ വിശേഷിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഹരിയാനയിലേക്ക് പുറപ്പെടും.
രാജ്യവ്യാപകമായി ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ -ബി, റേഡിയോഗ്രാഫർ-എ തസ്തികകളിലേക്കാണ് വി.എസ്.എസ്.സി 20ന് പരീക്ഷ നടത്തിയത്. 20,000 പേർ അപേക്ഷിച്ച പരീക്ഷ 8,000 പേർ എഴുതി.
അപേക്ഷകരിൽ ഹരിയാന സ്വദേശികൾ മാത്രം 469 പേരുണ്ട് എന്നതാണ് പൊലീസിനെ കൂടുതൽ കുഴക്കുന്നത്. 85 ഹരിയാനക്കാരാണ് പരീക്ഷയെഴുതിയത്. ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചാൽതന്നെ ആരാണ് ഇവർക്കുവേണ്ടി പരീക്ഷ എഴുതിയതെന്ന് കണ്ടെത്തുക ദുഷ്കരമാണെന്ന് പൊലീസ് പറയുന്നു.
പിടിയിലായവർ ആൾമാറാട്ടം നടത്തിയാണ് പരീക്ഷക്കെത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഞായറാഴ്ച അറസ്റ്റിലായ മനോജ്കുമാർ, ഗൗതം ചൗഹാൻ എന്നിവർ ഉദ്യോഗാർഥികളായ സുമിത് (25) സുനിൽ (25) എന്നിവരുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷയെഴുതിയത്. കേസിൽ ആകെ ആറുപേർ അറസ്റ്റിലായി.
ഹരിയാന കേന്ദ്രീകരിച്ചുള്ള മത്സരപരീക്ഷ പരിശീലന കേന്ദ്രങ്ങളാണ് ആൾമാറാട്ട പരീക്ഷക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒരാൾക്ക് പരീക്ഷ എഴുതിക്കൊടുക്കാൻ ലക്ഷം രൂപയാണ് പ്രതിഫലം.
എന്നാൽ, പരീക്ഷ കേന്ദ്രത്തിന് പുറത്തുനിന്ന് ഹെഡ്സെറ്റിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുന്നവർക്ക് ഇതിലും കൂടുതലാണ്. അതത് വിഷയങ്ങളിലെ വിദഗ്ധരാകും ഉത്തരം കൈമാറുന്നവർ.
സൈബർസെൽ ഡിവൈ.എസ്.പി കരുണാകരന്റെ നേതൃത്വത്തിൽ സൈബർസെൽ സി.ഐമാരുടെ സംഘം കേസിലെ സാങ്കേതികവശങ്ങൾ അന്വേഷിക്കും. കഴക്കൂട്ടം അസി. കമീഷണറുടെ നേതൃത്വത്തിൽ മ്യൂസിയം, മെഡിക്കൽ കോളജ്, കന്റോൺമെന്റ് സി.ഐമാരടങ്ങുന്ന സംഘം മറ്റുള്ള വിഷയങ്ങളും അന്വേഷിക്കും.
ദീർഘകാല അടിസ്ഥാനത്തിലുള്ള വിശദ അന്വേഷണമാണ് പൊലീസ് ആസൂത്രണം ചെയ്തത്. പരീക്ഷ എഴുതിയവരിൽ എത്രപേർ ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തലാണ് പ്രധാനം. സമാനരീതിയിൽ വേറെ പരീക്ഷയെഴുതി നിയമനം നേടിയവരുണ്ടോ എന്നും പരിശോധിക്കും. ഐ.എസ്.ആർ.ഒയുടെ കീഴിൽ റോക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട രാജ്യത്തെ സുപ്രധാന സ്ഥാപനമായ വി.എസ്.എസ്.സിയിലെ സാങ്കേതിക വിഭാഗം പരീക്ഷയിൽ നടന്ന ക്രമക്കേട് വിദൂരഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന സുരക്ഷാ ഭീഷണിയും പൊലീസിനെ ജാഗരൂകരാക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഈ കേസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഹരിയാന പൊലീസിന്റെ സഹായത്തിലായിരിക്കും കേരള പൊലീസ് അന്വേഷണ സംഘം മുന്നോട്ടുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.