വര്‍ഷം നീണ്ട യാത്രക്കൊടുവിൽ പടുകൂറ്റൻ യന്ത്രം വി.എസ്.എസ്.സിയിലേക്ക്
text_fieldsബാലരാമപുരം: ഭീമന്‍ യന്ത്രവുമായി മുബൈയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട ലോറി നെയ്യാറ്റിന്‍കരയിലെത്താനെടുത്തത് ഒരുവര്‍ഷം. വട്ടിയൂര്‍കാവ് വിക്രംസാരാഭായ് സ്‌പേയ്‌സ് സെന്ററിലേക്കുള്ള യന്ത്രവുമായി സഞ്ചരിക്കുന്ന ലോറി ലക്ഷ്യത്തിലെത്താൻ ഇനിയും ആഴ്ചകളെടുക്കും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചുരങ്ങിയത് രണ്ട് മണിക്കൂറെങ്കിലും എടുക്കുന്നുണ്ട്.
എഴുപത് ടണ്‍ ഭാരമുള്ള ഭീമന്‍ യന്ത്രവുമായി അമര്‍നാഥില്‍ നിന്നും പുറപ്പെട്ട ലോറി നെയ്യാറ്റിന്‍കരയിലെത്തുന്നത് അഞ്ച് സംസ്ഥാനങ്ങള്‍ കടന്നാണ്. ദിവസേന മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ദൂരമാണ് ലോറി സഞ്ചരിക്കുന്നത്. എറ്റവും കൂടുതല്‍ ദൂരം യന്ത്രവുമായി ലോറി ഓടിയത് വ്യാഴാഴ്ച പാറശാലമുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള പതിനൊന്ന് കീലോമീറ്ററാണ്. എഴുപത്തിനാല് ടയറുകളുള്ള വാഹനം നീങ്ങുന്നത് മുപ്പത്തിരണ്ട് ജീവനക്കാരുടെ നിയന്ത്രണത്തിലാണ്. വാഹനം കടന്നു പോകുന്ന ഒരോ പ്രദേശത്തും ബന്ധപ്പെട്ട സ്റ്റേഷന്‍ പരിധിയിലെ പൊലീസുകാരും വൈദ്യൂതിവകുപ്പ് ജീവനക്കാരും സഹായത്തിന് കൂടെയുണ്ട്.
പടുകൂറ്റന്‍ യന്ത്രത്തിന് 6.4 മീറ്റര്‍ ഉയരവും 6.45 മീറ്റര്‍ വീതിയുമുണ്ട്. ലോറി കടന്നു പോകുന്ന ദേശീയപാതയിലൂടെ കഷ്ടിച്ച് മാത്രമെ മറ്റൊരു വാഹനത്തിന് കടന്നു പോകാനാകൂ. അമരവിളയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ ശേഷമാണ് ലോറിയെ പൊലീസ് കടത്തിവിട്ടത്. റോഡിെൻറ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍ ക്രെയ്ന് ഉപയോഗിച്ച് മുറിച്ച് മാറ്റിയും തടസ്സം സൃഷ്ടിക്കുന്ന ലൈന്‍ കമ്പികള്‍ മാറ്റി സ്ഥാപിച്ചും വൈദുതി വിഛേദിച്ചുമാണ് കടത്തിവിടുന്നത്. ഓരോ പ്രദേശത്തെയും പൊലീസ് സംഘവും വൈദ്യുതി വകുപ്പ് ജീവനക്കാരും ലോറിക്കൊപ്പം അനുഗമിക്കുന്നുണ്ട്.
കന്യാകുമാരി ജില്ലാതിര്‍ത്തിയില്‍ നിന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്റര്‍ വരെ റോഡിലൂടെയുള്ള യാത്രയെകുറിച്ച് നേരത്തെ പഠനം നടത്തിയിട്ടുണ്ട്. മാര്‍ത്താണ്ഡം പാലമടക്കം കടക്കുേമ്പാൾ പ്രത്യേക സംവിധാനം ഒരുക്കിയാണ് സുരക്ഷ ഉറപ്പുവരുത്തുന്നത്.
മുബൈ അംബര്‍നാഥിലെ യൂണിക് കെമോ പ്രാന്റ് എക്യുപ്‌മെന്‍സ് നിര്‍മ്മിച്ച ഹൊറിസണല്‍ ഓട്ടോ ക്ലേവ് യന്ത്രമാണ് വട്ടിയൂര്‍ക്കാവ് വി.എസ്.എസ്.സിയിലേക്ക് എത്തിക്കുന്നത്. ബഹിരാകാശ പദ്ധതിയിലേക്ക് ഭാരം കുറഞ്ഞതും വലുപ്പമേറിയതുമായ വിവിധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഓട്ടോക്ലേവ് എത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ വട്ടിയൂര്‍ക്കാവ് കേന്ദ്രത്തിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതിക്ഷയിലാണ് അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.