ജലീൽ ഭീകരവാദിയാണെന്ന പരാമർശം ഗുരുതര ആക്ഷേപം: നിയമപരമായി നേരിടണമെന്ന് വി.ടി. ബൽറാം
text_fieldsപാലക്കാട്: മുൻ മന്ത്രി കെ.ടി. ജലീലിനെ ചാനൽ ചർച്ചയിൽ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ബിജെപി നേതാവ് പൊതു പ്ലാറ്റ്ഫോമിൽ നടത്തിയ അങ്ങേയറ്റം ഗുരുതര അക്ഷേപത്തിനെതിരെ ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പൊലീസോ നിയമനടപടി സ്വീകരിക്കുന്നുവെങ്കിൽ പൂർണ പിന്തുണ നൽകുമെന്നും ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാൻ കേരള സർക്കാർ അതിനിരകളാകുന്ന പൗരർക്ക് പിന്തുണയും സഹായവും നൽകണം. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇക്കാര്യത്തിൽ ജലീൽ തന്നെ മുൻകൈ എടുത്ത് മാതൃക കാട്ടണം -ബൽറാം അഭ്യർഥിച്ചു.
സംഘ്പരിവാർ ഭീകരത നിർത്തുംവരെ നാവടക്കുന്ന പ്രശ്നമില്ലെന്നും ഭീകരവാദി എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ടെന്നും ഗോപാലകൃഷ്ണന്റെ പരാമർശത്തോട് കെ.ടി. ജലീൽ പ്രതികരിച്ചിരുന്നു. ഇ.ഡിയെ ഭയമില്ലാത്തവർക്കും "ഭീകരവാദി പട്ടത്തെ" പേടിയില്ലാത്തവർക്കും മാത്രമേ നാട്ടിൽ നടക്കുന്ന താന്തോന്നിത്തങ്ങളെ വിമർശിക്കാനും ജന മദ്ധ്യത്തിൽ തുറന്നു കാട്ടാനും സാധിക്കൂ. ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ നടക്കുന്ന തോന്നിവാസങ്ങൾ വിളിച്ചു പറയുന്നവരെ ബി.ജെ.പി നേതാക്കൾ "ഭീകരവാദി" മുദ്ര കുത്തുമെന്ന് ഭയന്ന് ലീഗുൾപ്പടെയുള്ള സംഘടനകളും പ്രത്യേക ജാഗ്രതയിലാണെന്നും ജലീൽ ആരോപിച്ചു.
ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:
എന്റെ അയൽനാട്ടുകാരനും പത്ത് വർഷം നിയമസഭയിലെ സഹപ്രവർത്തകനുമായിരുന്ന ഡോ. കെ.ടി.ജലീൽ ഒരു "ഭീകരവാദി"യാണെന്ന അഭിപ്രായത്തോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല. അദ്ദേഹത്തേക്കുറിച്ച് ബിജെപി നേതാവ് ഒരു പൊതു പ്ലാറ്റ്ഫോമിൽ നടത്തിയ അങ്ങേയറ്റം ഗുരുതരമായ അക്ഷേപത്തിനെതിരെ ശ്രീ. ജലീലോ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപക്ഷമോ കേരളാ പോലീസോ ഏതെങ്കിലും നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായി മുന്നോട്ടുപോകുകയാണെങ്കിൽ അക്കാര്യത്തിൽ പൂർണ്ണ പിന്തുണ അറിയിക്കുന്നു.
സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാൻ കേരള സർക്കാർ അതിനിരകളാകുന്ന പൗരർക്ക് പിന്തുണയും സഹായവും നൽകണം. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇക്കാര്യത്തിൽ ശ്രീ ജലീൽ തന്നെ മുൻകൈ എടുത്ത് മാതൃക കാട്ടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.