മന്ത്രി റിയാസിനെതിരെ വി.ടി. ബൽറാം: ‘പണി പൂർത്തിയാവുമ്പോൾ വന്ന് റീലിടാൻ മാത്രമല്ല, പണി നടക്കുമ്പോൾ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം’
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ബീച്ച് ഭാഗത്ത് മേൽപ്പാലം നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പണി പൂർത്തിയാവുമ്പോൾ വന്ന് റീലിടാൻ മാത്രമല്ല, പണി നടക്കുമ്പോൾ കമ്പിയും സിമന്റുമിടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കാര്യം ദേശീയപാതയാണെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ വേണ്ടിയുള്ളതാണ് ഈ റോഡുകൾ. അതുകൊണ്ടുതന്നെ സംസ്ഥാനമാണോ കേന്ദ്രമാണോ കള്ളപ്പണി നടത്തുന്നതെന്ന് തർക്കിച്ചിട്ട് കാര്യമില്ല. നിർമ്മാണത്തിലെ അപാകതകളേക്കുറിച്ച് പൂർത്തിയായ പല റീച്ചുകളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. ഇവയിൽ കൃത്യമായ അന്വേഷണം വേണം. കുറ്റക്കാരെ പുറത്തു കൊണ്ടുവരണം. വീഴ്ചകൾ പരിഹരിക്കണം. ചെയ്ത പണികളുടെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണം. ബാക്കിയുള്ള പ്രവൃത്തികൾ ഗുണനിലവാരത്തോടെയാണ് നടക്കുക എന്നുറപ്പ് വരുത്തണം’ -ബൽറാം ആവശ്യപ്പെട്ടു.
മേൽപാലത്തിന്റെ നാല് ഗര്‍ഡറുകളാണ് ഇന്നലെ നിലംപതിച്ചത്. ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബലക്ഷയമുണ്ടെന്ന ആക്ഷേപത്തില്‍ വിശദപരിശോധന നടത്തുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.