ഇതെന്തൊരു പ്രാക്കാണ്? -പ്രകാശ് കാരാട്ടിനോട് വി.ടി. ബൽറാം
text_fieldsപാലക്കാട്: ബി.ജെ.പിയെ ഒറ്റക്ക് പൊരുതി തോൽപിക്കാനാവില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഇതെന്തൊരു പ്രാക്കാണെന്ന് ചോദിച്ച അദ്ദേഹം, കർണാടകത്തിൽ കോൺഗ്രസ് ഒറ്റക്ക് പൊരുതിയാണ് ബി.ജെ.പിയെ തോൽപ്പിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
‘മുൻപ് എപ്പോഴെങ്കിലുമാണ് ഇങ്ങനെ പറയുന്നതെങ്കിൽ ആ നിലക്കെങ്കിലും മനസ്സിലാക്കാം. ഇതിപ്പോൾ കർണ്ണാടകത്തിൽ കോൺഗ്രസ് ഒറ്റക്ക് പൊരുതിത്തന്നെയല്ലേ ബിജെപിയെ തോൽപ്പിച്ചിരിക്കുന്നത്? ആകെ അൽപമെങ്കിലും ശക്തിയുള്ള ഒരേയൊരു മണ്ഡലത്തിൽപ്പോലും കോൺഗ്രസിനെതിരെ മത്സരിച്ച് സി.പി.എമ്മിനെ രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചതാണല്ലോ പ്രകാശ് കാരാട്ടും പിണറായി വിജയനുമൊക്കെ അവിടെ നൽകിയ ഏക സംഭാവന. ഇനി അടുത്ത് വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസിന് ഒറ്റക്ക് തന്നെയാണ് ബി.ജെ.പിയെ നേരിടാനുള്ളത്. എന്തിന് സി.പി.എമ്മിനെ കോൺഗ്രസ് കൂടെക്കൂട്ടണമെന്ന് കൃത്യമായ കാരണങ്ങൾ സഹിതം പ്രകാശ് കാരാട്ടിന് പറയാൻ സാധിക്കുമോ? പ്രത്യേകിച്ചും കോൺഗ്രസുമായി ഒരു കൂട്ടുകെട്ടും വേണ്ടെന്ന് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കാൻ കേരള സഖാക്കൾക്കൊപ്പം നിന്ന ഒരാളെന്ന നിലയിൽ?’ -ബൽറാം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
കണ്ണൂരിൽ ഇ.കെ. നായനാർ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യവേ കാരാട്ട് നടത്തിയ പ്രസംഗത്തെകുറിച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. ‘കേന്ദ്രത്തിൽ ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് സങ്കുചിത രാഷ്ട്രീയ താല്‍പര്യം ഉപേക്ഷിക്കണം. കോണ്‍ഗ്രസിന്റെ ഈ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള, തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തത്. തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ബി.ജെ.പിക്കെതിരായ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. കേരളത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കുന്നത് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറുമാണ്. എന്നിട്ടും ഈ രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി അല്ലാതാകുന്നു’ -എന്നാണ് കാരാട്ട് പറഞ്ഞത്. ബി.ജെ.പിക്കെതിരെ വിശാല പ്ലാറ്റ്ഫോം ഉയര്‍ന്നുവരണമെന്ന നിലപാടുള്ളതിനാലാണ് കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഇതെന്തൊരു പ്രാക്കാണ്!
മുൻപ് എപ്പോഴെങ്കിലുമാണ് ഇങ്ങനെ പറയുന്നതെങ്കിൽ ആ നിലക്കെങ്കിലും മനസ്സിലാക്കാം. ഇതിപ്പോൾ കർണ്ണാടകത്തിൽ കോൺഗ്രസ് ഒറ്റക്ക് പൊരുതിത്തന്നെയല്ലേ ബിജെപിയെ തോൽപ്പിച്ചിരിക്കുന്നത്? ആകെ അൽപ്പമെങ്കിലും ശക്തിയുള്ള ഒരേയൊരു മണ്ഡലത്തിൽപ്പോലും കോൺഗ്രസിനെതിരെ മത്സരിച്ച് സിപിഎമ്മിനെ രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്ത് എത്തിച്ചതാണല്ലോ പ്രകാശ് കാരാട്ടും പിണറായി വിജയനുമൊക്കെ അവിടെ നൽകിയ ഏക സംഭാവന. ഇനി അടുത്ത് വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലും കോൺഗ്രസിന് ഒറ്റക്ക് തന്നെയാണ് ബിജെപിയെ നേരിടാനുള്ളത്.
എന്തിന് സിപിഎമ്മിനെ കോൺഗ്രസ് കൂടെക്കൂട്ടണമെന്ന് കൃത്യമായ കാരണങ്ങൾ സഹിതം പ്രകാശ് കാരാട്ടിന് പറയാൻ സാധിക്കുമോ? പ്രത്യേകിച്ചും കോൺഗ്രസുമായി ഒരു കൂട്ടുകെട്ടും വേണ്ടെന്ന് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കാൻ കേരള സഖാക്കൾക്കൊപ്പം നിന്ന ഒരാളെന്ന നിലയിൽ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.