കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവാണ് രാഹുലിനെതിരെ കൊലവിളി മുഴക്കിയ ബി.ജെ.പി നേതാവ്; എന്നിട്ടും കേസെടുക്കാൻ പിണറായി പൊലീസിന് ധൈര്യമില്ല -വി.ടി. ബൽറാം
text_fieldsപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കൊലക്കേസ് പ്രതിയായ ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ കൊലവിളി ഭീഷണി മുഴക്കിയിട്ടും കേസെടുക്കാൻ പിണറായി പൊലീസിന് ധൈര്യമില്ലെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച പ്രശാന്ത് ശിവൻ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉള്ള വിവരങ്ങൾ അടക്കം പുറത്തുവിട്ടാണ് ബൽറാമിന്റെ ചോദ്യം.
‘17 ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളാണിതിൽ. സാധാരണ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ വരുന്നപോലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ മാത്രമല്ല ഇയാൾക്കെതിരെ ഉള്ളത്. അതിലൊരു കേസ് ക്രൂരമായ ഒരു കൊലപാതക കേസാണ്, 2012 ലെ അലക്സ് വധക്കേസ്. "ന്യായവിരുദ്ധമായി സംഘം ചേർന്ന് പരിക്കേൽപ്പിച്ച ശേഷം കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു" എന്നതിൽ 302 IPC അടക്കമുള്ള ഗുരുതര വകുപ്പുകളിൽ വിചാരണ നേരിടുകയാണ് ഈ ക്രിമിനൽ. ജീവപര്യന്തം കഠിനതടവോ ഒരുപക്ഷേ വധശിക്ഷ തന്നെയോ വിധിക്കപ്പെടാവുന്ന ഒരു കൊലപാതകക്കേസ് പ്രതിയായ ഈ ഗുണ്ടാ നേതാവാണ് ജാമ്യത്തിലിറങ്ങി ഇപ്പോൾ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരുന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ച് കൊലവിളി മുഴക്കുന്നത്. എന്നിട്ടും അയാൾക്ക് നേരെ കേസെടുക്കാനോ ചെറുവിരൽ അനക്കാനോ പിണറായി പൊലീസിന് ധൈര്യമില്ല. എന്തൊരു ആഭ്യന്തര വകുപ്പാണ് ഈ കേരളത്തിലേത്!’ -ബൽറാം ചോദിക്കുന്നു.
പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കമാണ് പാലക്കാട് കോൺഗ്രസ്-ബി.ജെ.പി വാക്പോരിലേക്കും കൊലവിളിയിലേക്കും എത്തിച്ചത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവൻ ഭീഷണി മുഴക്കിയിരുന്നു. ഭിന്നശേഷി വിദ്യാർഥികളോട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടനും ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽ പിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
തുടർന്ന് പ്രശ്നം അവസാനിപ്പിക്കാൻ ബി.ജെ.പിക്കാരുമായി ചർച്ച നടത്തണമെന്ന് കോൺഗ്രസ് നേതാക്കളോട് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി.ജെ.പിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതികരിച്ചു. കാലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതും തലയെടുക്കും എന്ന് പറഞ്ഞതും കോൺഗ്രസ് ഓഫിസിലേക്കും എം.എൽ.എ ഓഫിസിലേക്കും അക്രമം നിറഞ്ഞ മാർച്ച് നടത്തിയതും ചർച്ച ചെയ്ത് പരിഹരിക്കണോയെന്ന് രാഹുൽ ചോദിച്ചു.
‘എന്ന് തൊട്ടാണ് കേരള പൊലീസ് ചായയും ബിസ്ക്കറ്റും നൽകി നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്? നമുക്കവരുടെ മധ്യസ്ഥതയൊന്നും വേണ്ട. ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് ഇവിടെ പൊലീസ്. അതല്ലാതെ ബി.ജെ.പിയുമായി അടച്ചിട്ട മുറിയിൽ ചായയും ബിസ്ക്കറ്റും കഴിക്കാൻ തൽക്കാലം കോൺഗ്രസിനെ കിട്ടില്ല. അതിന് സൗകര്യമില്ല. അവരുമായി ചായ കുടിക്കാനില്ല. പൊലീസ് ലോ ആൻഡ് ഓർഡർ നിയമപരമായി പരിഹരിച്ചാൽ മതി. അല്ലാത്ത പണി പൊലീസ് ചെയ്യണ്ട. കോൺഗ്രസിനെയും ബി.ജെ.പിയെയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ തീർക്കണ്ട. രാജ്യത്ത് നിയമവ്യവസ്ഥ ഉണ്ടല്ലോ. അതനുസരിച്ച് തീർക്കട്ടെ. ഞങ്ങൾ ഭീഷണി മുഴക്കിയാൽ ഞങ്ങൾക്കെതിരെ കേസെടുത്തോളൂ. എത്രയോ പ്രകോപനകരമായ സാഹചര്യങ്ങൾ മുമ്പും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ജനപ്രതിനിധിയുടെ കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഖബറൊരുക്കുമെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവരുമായാണോ ഞങ്ങൾ ചർച്ച നടത്തേണ്ടത്? ഇതിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.