'ആഹാ.. എന്തൊരു സ്പീഡ്!' ശ്രീ എമ്മിന് അപേക്ഷിച്ച് ഒരുമാസത്തിനകം ഭൂമി നൽകിയതിനെ പരിഹസിച്ച് വി.ടി. ബൽറാം
text_fieldsതിരുവനന്തപുരം: സംഘ്പരിവാർ സഹയാത്രികനായ ആത്മീയാചാര്യൻ ശ്രീ എമ്മിന് അപേക്ഷിച്ച് ഒരുമാസത്തിനകം തലസ്ഥാാനത്ത് നാലേക്കർ ഭൂമി നൽകിയതിനെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ. ''ആഹാ... എന്തൊരു സ്പീഡ്!.. വെറും ഒരു മാസം മുൻപ് സ്ഥലത്തിന് അപേക്ഷ കൊടുക്കുന്നു. സഖാവ് വിജയന്‍റെ സർക്കാർ ഉടനെ നാലേക്കർ ഭൂമിയെടുത്ത് നൽകുന്നു. ചർമ്മത്തിന് എന്തു നല്ല ഉറപ്പുള്ള സർക്കാർ !!'' എന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്‍റർ സ്ഥാപിക്കാൻ എന്ന പേരിലാണ് തലസ്ഥാനത്ത് കണ്ണായ സ്ഥലത്ത് നാേലക്കർ ഭൂമി നൽകുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിൽ ഹൗസിങ് ബോര്‍ഡിന്‍റെ കൈവശമുള്ള ഭൂമിയാണ് അനുവദിച്ചത്.
ഒരു മാസം മുമ്പ് നൽകിയ അപേക്ഷയിലാണ് ഭൂമി ലഭിച്ചതെന്ന് ശ്രീ എം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ സത്സംഗ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചതായും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ''വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോള്‍ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.'' ശ്രീ എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.