രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ നേതാവ് -വി.ടി ബൽറാം
text_fieldsകോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരത്തെ പിന്തുണക്കുന്ന പാർട്ടി നിലപാടിനെതിരെ കോൺഗ്രസിലെ യുവനേതാവ് വി.ടി ബൽറാം. ബ്രാഹ്മണ്യത്തിന്‍റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ലെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്‍റെ നേതാവെന്ന് ഒാർമപ്പെടുത്തുന്ന ബൽറാം, കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയെ കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടാവണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെ കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്‍റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനെയും സർക്കാരിനെയും തുറന്നു കാട്ടേണ്ടതുമുണ്ട്.
എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്‍റെയും രാജഭക്തിയുടെയും പുരോഗമനവിരുദ്ധ ആശയങ്ങളുടെയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്‍റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിര ഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയെ കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.
ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്‍റെ നേതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.