പൊലീസുകാരന് കോവിഡ്; വി.ടി.ബൽറാം എം.എൽ.എ സ്വയം നിരീക്ഷണത്തിൽ
text_fieldsപാലക്കാട്: തൃത്താല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടർന്നാണിത്. ആഗസ്ത് 12ന് സ്രവം എടുത്ത പൊലീസുകാരന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.
പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് താനും ഇദ്ദേഹവും ആഗസ്ത് ആറിന് സമ്പർക്കത്തിലുണ്ടായിരുന്നെന്ന് എം.എൽ.എ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സ്വയം ക്വാറന്‍റൈനില്‍ പോകുന്ന കാര്യം അറിയിച്ചത്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറന്‍റൈനിലാണ്.
വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസൾട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോൺടാക്റ്റുകളായാണ് വിലയിരുത്തുന്നത്.
പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അൽപ്പസമയം സമ്പർക്കത്തിലുണ്ടായിരുന്നു. ആയതിനാൽ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാർത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതൽ ഞാൻ സ്വയം ക്വാറൻ്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറൻ്റീനിലാണ്.
ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിൻ്റെ റിസൾട്ട് വരുന്നത് വരെ ക്വാറൻ്റീൻ തുടരും. റിസൾട്ടിനനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതായിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച് ദിവസത്തേക്ക് പരിപാടികളിൽ ഒന്നും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം.എൽ.എ ഓഫീസും പ്രവർത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദർശകരെ കാണാൻ നിർവ്വാഹമില്ല. അത്യാവശ്യക്കാർക്ക് എൻ്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.