''രഹസ്യ ചർച്ചകൾ നടത്തിയാൽ കൊലപാതകം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ചെയ്യുന്നതും ഇവരുടെ നിയന്ത്രണത്തിലായിരിക്കുമല്ലോ?''
text_fieldsപാലക്കാട്: സംഘ്പരിവാർ സഹയാത്രികനായ ആത്മീയാചാര്യൻ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ നടന്ന സി.പി.എം-ആർ.എസ്.എസ് ചർച്ചയെക്കുറിച്ച് ചോദ്യങ്ങളുമായി വി.ടി ബൽറാം എം.എൽ.എ. രഹസ്യ ചർച്ച നടത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവർത്തകർ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് വി.ടി.ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. രണ്ടു കൂട്ടർ രഹസ്യ ചർച്ചകൾ നടത്തിയാൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ആ കൊലപാതകങ്ങൾ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോയെന്നും വി.ടി ബൽറാം കൂട്ടിച്ചേർത്തു.
വി.ടി.ബൽറാം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഏതായാലും പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തിൽ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവർത്തകർ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.
പിന്നീടും നിരവധി ഉഭയകക്ഷി ചർച്ചകൾ സിപിഎം-ആർഎസ്എസ് നേതാക്കൾ നടത്തിവരുന്നുണ്ട് എന്നും പി ജയരാജൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമാണ് ഈ സിപിഎം-ആർഎസ്എസ് ചർച്ചകളുടെ വിഷയമെങ്കിൽ അതിത്ര നാളും രഹസ്യമാക്കി വയ്ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടർ രഹസ്യ ചർച്ചകൾ നടത്തിയാൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ ആ കൊലപാതകങ്ങൾ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകൾ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.
ഇനി അതല്ല, കൊലപാതകങ്ങൾക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആർഎസ്എസ് ഉഭയകക്ഷി ചർച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീർച്ചയായും ലഭിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.