'എമ്പുരാൻ' വല്ല ഏഴാംതമ്പുരാനും ആകുന്നതിന് മുമ്പ് ഒരു സംഘ് പരിവാർ ക്രിമിനലിനെ അടയാളപ്പെടുത്തുന്നു -വി.ടി. ബൽറാം
text_fieldsകോഴിക്കോട്: പൃഥ്വിരാജ് -മോഹൻലാൽ ചിത്രമായ ‘എമ്പുരാൻ’ റീസെൻസറിങ്ങിന് വിധേയമാകുന്നുവെന്ന റിപ്പോർട്ടിനിടെ, സിനിമയിൽ പരാമർശിക്കുന്ന ‘ബജ്‌രംഗി’യുടെ ‘യഥാർഥ ചിത്രം’ പുറത്തുവിട്ട് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. 97 മുസ്‌ലിംകൾ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയിലെ പ്രധാന പ്രതിയായിരുന്നു ബാബു ബജ്‌രംഗി.
ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പരോളിലാണ്. ‘എമ്പുരാൻ’ പേര് മാറി വല്ല ‘ഏഴാംതമ്പുരാ'നും ആകുന്നതിന് മുമ്പ് യഥാർഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വയ്ക്കുന്നുവെന്നും ബൽറാം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
ഇത് ബാബു ബജ്‌രംഗി. സംഘ് പരിവാർ സംഘടനയായ ബജ്‌രംഗ് ദളിന്റെ ഗുജറാത്തിലെ നേതാവായിരുന്നു. ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂഷിതമായ കൂട്ടക്കൊലയായി കരുതപ്പെടുന്ന നരോദ പാട്യ കൂട്ടക്കൊലയിലെ (97 മുസ്‌ലിംകൾ കൊല്ലപ്പെട്ടു- 36 സ്ത്രീകൾ, 35 കുട്ടികൾ, 26 പുരുഷന്മാർ) പ്രധാന പ്രതിയായിരുന്നു. ജീവപര്യന്തം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇപ്പോൾ പരോളിലാണ്. ഇപ്പോൾ മാത്രമല്ല 2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങൾ പറഞ്ഞ് പരോളിലായിരുന്നു ഇയാൾ.
പരോൾ സമയത്തൊരിക്കൽ 'തെഹൽക്ക' നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ ഒളിക്യാമറയിൽ ബാബു ബജ്‌രംഗി തന്നെ വളരെ കൃത്യമായി പറയുന്നുണ്ട് കൂട്ടക്കൊലയിൽ തന്റെ പങ്കിനേക്കുറിച്ച്. തന്നെ സഹായിക്കാൻ വേണ്ടി നരേന്ദ്ര മോദി മൂന്ന് തവണ ജഡ്ജിമാരെ മാറ്റിത്തന്നു എന്നും വിഡിയോയിൽ ബജ്‌രംഗി അവകാശപ്പെടുന്നുണ്ട്.
'എമ്പുരാൻ' പേര് മാറി വല്ല 'ഏഴാം തമ്പുരാ'നും ആവുന്നേന് മുൻപ് യഥാർത്ഥ പേരിലുള്ള ഒരു സംഘ് പരിവാർ ക്രിമിനലിനെ ഇവിടെ അടയാളപ്പെടുത്തി വയ്ക്കുന്നു എന്നേയുള്ളൂ.
അതേസമയം എമ്പുരാന്‍റെ 17 ഭാഗങ്ങളിലായാണ് മാറ്റം വരുകയെന്നാണ് റിപ്പോർട്ടുകൾ. കഥയിലെ വില്ലൻ കഥാപാത്രം ഉൾപ്പെടെയുള്ളവരുടെ പേരുകളിലും മാറ്റം വരുത്തും. സംഘ്പരിവാറിന്‍റെ പ്രതിഷേധത്തിനൊടുവിൽ നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം കൊണ്ടുവരുന്നത്. സിനിമയിലെ പുതിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും.
ഒരു സിനിമയെ കുറിച്ച് വ്യാപക പരാതി ലഭിച്ചാൽ സെൻസർ ബോർഡ് സിനിമ തിരിച്ചു വിളിച്ച് റീ സെൻസറിങ് ചെയ്യുന്ന അസാധാരണ നടപടിയുണ്ട്. ഇവിടെ നിർമാതാക്കൾ തന്നെയാണ് വോളന്ററി മോഡിഫിക്കേഷൻ നടത്തുന്നത്. സാധാരണ രീതിയിൽ സിനിമയുടെ ഗുണത്തിനും ദൈർഘ്യം കുറക്കാനും മറ്റുമായാണ് വോളന്ററി മോഡിഫിക്കേഷൻ ചെയ്യാറുള്ളത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി നിർമാതാക്കൾ ആദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.
പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നാണ്. ഈ പേര് പരാമർശിക്കുന്ന ഭാഗത്ത് ഒന്നുകിൽ പേര് മാറ്റുക, അല്ലെങ്കിൽ മ്യൂട്ട് ചെയ്യുക. രണ്ട്, ഗുജറാത്ത് കലാപത്തിലെ ചില രംഗങ്ങൾ ഒഴിവാക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ ദൈർഘ്യം കുറക്കുക, ദേശീയ അന്വേഷണ ഏജൻസിയുടെ ഭാഗങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാകും മാറ്റങ്ങൾ വരുക. സെൻസർ ബോർഡിൻറെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാകും സിനിമയിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.