‘ക്ഷണിക്കുന്നത് മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’; സി.പി.എമ്മിനെ പരിഹസിച്ച് എഫ്.ബി പോസ്റ്റ്; പിന്നാലെ പിൻവലിച്ച് വി.ടി. ബൽറാം
text_fieldsകർണാടകയിൽ കോൺഗ്രസ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.എമ്മിനെയും പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ഒപ്പം യെച്ചൂരി നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു പരിഹാസം.
ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം അനിവാര്യമായ ഘട്ടത്തിൽ, ബൽറാമിന്‍റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ അദ്ദേഹം പിന്നീട് പിൻവലിച്ചു. ‘ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്ന കുറിപ്പിനൊപ്പമാണ് ബൽറാം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നു.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. കർണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിൻവലിക്കുകയാണെന്ന് ബൽറാം പിന്നീട് അറിയിച്ചു.
‘ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തിൽ മതേതര ചേരിക്ക് നേതൃത്വം നൽകുന്നതിൽ കോൺഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാൻ ഇക്കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സി.പി.എമ്മിന്റെ നേതൃത്വത്തിന് തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സി.പി.എം നേതൃത്ത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താൻ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ’ -ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.