അധിക്ഷേപ സ്വരം നല്ലതല്ല; ബലറാമിനെ തള്ളി വീണ്ടും കെ.പി.സി.സി
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ വിവാദത്തിൽപെട്ട കോൺഗ്രസ് എം.എൽ.എ വി.ടി. ബലറാമിനെ തള്ളിപ്പറഞ്ഞ് വീണ്ടും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധിക്ഷേപ സ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ലെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡൻറായശേഷം രണ്ടാം തവണയാണ് ബലറാമിനെ തിരുത്തുന്നത്. നേരത്തേ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബലറാമിനെ തള്ളിപ്പറഞ്ഞിരുന്നു. എ.കെ.ജിക്കെതിരായ വിവാദപ്രസ്താവനയില്‍ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ. മുരളീധരന്‍ തുടങ്ങിയവർ ബലറാമിനെ വിമർശിച്ചു.
ഇപ്പോൾ എഴുത്തുകാരി കെ.ആർ. മീരക്കെതിരായ പരമാർശമാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്. കുറച്ചുകൂടി നിയന്ത്രണം വേണമെന്ന് നേരിട്ട് ബലറാമിനോട് പറഞ്ഞിരുന്നു. ടാലൻറും ബ്രില്യൻറുമാണ് ബലറാം. എന്നാൽ, അതുമാത്രം പോരല്ലോ? മുല്ലപ്പള്ളി ചോദിക്കുന്നു. സമൂഹ മാധ്യമ പ്ലാറ്റ്ഫോം വല്ലാതെ ദുർവിനിയോഗം ചെയ്യുന്നു.
കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽപോലും ആരോഗ്യകരമായ സംവാദങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുല്ലപ്പള്ളിയുടെ പരാമർശങ്ങൾ പുറത്തുവന്നതോടെ അദ്ദേഹത്തെ അധിക്ഷേപിച്ചും ബലറാമിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.