സി.പി.എമ്മിനെ ട്രോളി ബൽറാമിന്‍റെ ക്ഷമാപണം
text_fieldsകോഴിക്കോട്: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ 'ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം' എന്ന വിവാദ പരാമർശത്തിൽ ക്ഷമാപണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം എം.എൽ.എ. തന്‍റെ പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ സ്ത്രീകൾക്കുണ്ടായ മനോവിഷമത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ബൽറാം വ്യക്തമാക്കി. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടി കമന്‍റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ക്ഷമാപണത്തിനോടൊപ്പം സി.പി.എമ്മിനെ പരിഹസിച്ച് ട്രോളാനും ബൽറാം മറന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യ സഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസിലായതെന്നാണ് ബൽറാം പരിഹസിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടയിൽ ആദരണീയനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെതിരെ എന്‍റെ ഭാഗത്തു നിന്നുണ്ടായ അനുചിതമായ പരാമർശത്തെത്തുടർന്ന് അദ്ദേഹത്തിന്‍റെ അനുയായികൾക്കും അതോടൊപ്പം "ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം" എന്ന പരാമർശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകൾക്കുണ്ടായ മനോവിഷമത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങോട്ട് പ്രകോപിപ്പിച്ചയാൾക്ക് നൽകിയ മറുപടി കമന്‍റാണെന്നും ഞാനായിട്ട് ഒരിക്കലും അത് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അന്നു മുതൽ എത്രയോ തവണ വിശദീകരിച്ച ആ പരാമർശങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ പിൻവലിക്കുന്നു.ചരിത്രബോധമോ വർത്തമാനകാലബോധമോ ഇല്ലായ്മയിൽ നിന്നുള്ള അവിവേകമായി അതിനെ ഏവരും കണക്കാക്കണമെന്ന് അഭ്യർഥിക്കുന്നു. എന്‍റെ ഓഫീസ് രണ്ട് തവണ തകർക്കുകയും നേരിട്ട് കല്ലെറിഞ്ഞ് ആക്രമിക്കുകയും എട്ട് മാസത്തോളം ജനപ്രതിനിധി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയുമൊക്കെച്ചെയ്യാൻ ചില സംഘടനകൾ രംഗത്തിറങ്ങിയത് അവർക്ക് സ്ത്രീ സംരക്ഷണ കാര്യത്തിലും കമ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണ കാര്യത്തിലുമുള്ള ആത്മാർഥമായ താത്പര്യം മൂലമാണെന്നും ഇപ്പോൾ തിരിച്ചറിയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസിലായത്.
എന്‍റെ ഭാഗത്തു നിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്‍റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സി.പി.എമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർഥമായ നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.