ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ 'താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്‍റെ പൊതുരീതി' -വി.ടി ബൽറാം
text_fieldsകോഴിക്കോട്: 'ചെത്തുകാരന്‍റെ മകൻ' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണെന്ന് വി.ടി ബൽറാം എം.എൽ.എ. 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന തലക്കെട്ടോടെ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ എഴുതിയ കുറിപ്പിനെ വിമർശിച്ചുള്ള പോസ്റ്റ് ഉദ്ദരിച്ചാണ് ബൽറാമിന്‍റെ കുറിപ്പ്.
മലബാറിലെ വരേണ്യ മുസ്ലിമിന് ചെത്തുകാരന്‍റെ മകനായ മുഖ്യമന്ത്രിയെ താൻ എന്ന് വിളിക്കാൻ തോന്നുന്നത് സ്വാഭാവികം. എത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും ആ കുത്തിക്കഴപ്പ് പുറത്ത് വരും. വരേണ്യ ജാതി ബോധത്തിന്‍റെ കുത്തിക്കഴപ്പാണ് എന്നുള്ള ഷാഹിന നഫീസയുടെ പോസ്റ്റിനായിരുന്നു ബൽറാമിന്‍റെ മറുപടി.
ഒരാൾ മനപൂർവ്വം കുത്തിത്തിരുപ്പ് വർത്തമാനം പറയുമ്പോൾ 'താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്‍റെ പൊതുരീതിയാണ്. അതിന് മലബാർ എന്നോ തിരുവിതാംകൂർ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യൻ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നും ബൽറാം പറയുന്നു.
'അധിപൻ' സിനിമയിലെ മോഹൻലാലിന്‍റെ ഫോൺ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയന്‍റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിന്‍റെ വാക്കുകളിൽ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാർത്ഥ കുത്തിക്കഴപ്പെന്നും അദ്ദേഹം പറഞ്ഞു.
'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന തലക്കെട്ടോടെ അഡ്വ. ഫാത്തിമ തഹ്‍ലിയ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും 'മുസ്‍ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ. ഫാത്തിമ തഹ്‍ലിയ കുറ്റപ്പെടുത്തുന്നു.
കേരള പൊലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയൻ വ്യാകുലപ്പെടേണ്ടതെന്നും സ്വന്തം ഓഫിസിനെ ഒരു ദിവസമെങ്കിലും പിണറായി വിജയൻ നിയന്ത്രിച്ചു കാണിച്ചിട്ട് മതി ലീഗിന്‍റെ മെക്കിട്ട് കയറുന്നതെന്നും കുറിപ്പില്‍ വിമര്‍ശിച്ചു.
ഗുജറാത്തിൽ കോണ്‍ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി ആകും എന്ന് പറഞ്ഞു ധ്രുവീകരണം ഉണ്ടാക്കിയ അതേ ആര്‍.എസ്.എസ് തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും ഫാത്തിമ തഹ്‍ലിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്‍ലിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.