റീത്ത് വെക്കരുത്, വയലാറിന്‍റെ പാട്ട് കേൾപ്പിക്കണം, അമ്മയോടൊപ്പം ഉറങ്ങണം -പി.ടി തോമസിന്‍റെ അന്ത്യാഭിലാഷങ്ങൾ
text_fieldsതന്‍റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയിട്ടാണ് തൃക്കാക്കര എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി തോമസ് യാത്രയായത്. അസുഖം മൂർഛിച്ച ഘട്ടത്തിൽ തന്നെ അന്ത്യാഭിലാഷങ്ങൾ എഴുതി സൂക്ഷിക്കാൻ അദ്ദേഹം മറന്നില്ല. നവംബർ 22ന് അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം അന്ത്യാഭിലാഷങ്ങൾ രേഖയാക്കുകയായിരുന്നു.
വെല്ലൂരില്‍നിന്നും മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം ഇടുക്കി ജില്ലയിലെ ഉപ്പുതോടുള്ള വസതിയില്‍ അർധരാത്രിയോടെ എത്തിച്ചേരും. അവിടെനിന്നും പുറപ്പെടുന്ന വാഹനം പുലര്‍ച്ചെ ആറിന് മുമ്പായി പലാരിവട്ടത്തെ വസതിയിലെത്തിക്കും. ഏഴു മണിക്കു ശേഷം ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വെക്കും. എട്ടരയോടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കും. ഉച്ചക്ക് ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ എത്തിക്കുന്ന മൃതദേഹം അഞ്ചരയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.
പി.ടി തോമസിന്‍റെ അന്ത്യാഭിലാഷം അനുസരിച്ചാണ് രവിപുരത്ത് സംസ്‌കാരം നടത്തുന്നത്. തന്‍റെ മൃതദേഹത്തില്‍ റീത്തു വെക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ പി.ടി. തോമസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ചന്ദ്രകളഭം ചാര്‍ത്തിയ എന്ന സംഗീതം ചെറിയ ശബ്ദത്തില്‍ വെച്ചു കേള്‍ക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ചിതാഭസ്മം ഉപ്പുതോടിലുള്ള അമ്മയുടെ കല്ലറക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നും ആഗ്രഹം എഴുതിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് അദ്ദേഹം ആഗ്രഹിച്ചതു പോലെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.