വ്യാപാരി വ്യവസായി സമിതി സമ്മേളനം സമാപിച്ചു; കേന്ദ്രനയങ്ങൾക്കെതിരെ പ്രതിരോധത്തിന് ആഹ്വാനം
text_fieldsകോഴിക്കോട്: ചെറുകിട വ്യാപാര മേഖലയെ തകർക്കുകയും കോർപറേറ്റ് വത്കരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്ന ആഹ്വാനത്തോടെ വ്യാപാരി വ്യവസായി സമിതി 11ാം സംസ്ഥാന സമ്മേളനത്തിന് സമാപനം. വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ മിഷൻ രൂപവത്കരിക്കുക, വാടക നിയന്ത്രണ ബിൽ ഉടൻ നിയമമാക്കുക, വികസനത്തിന് കുടിയൊഴിക്കപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ മൂന്നു ദിവസമായി നടന്ന സമ്മേളനം ഉന്നയിച്ചു.
പ്രതിനിധി സമ്മേളന പൊതുചർച്ചയിൽ 47 പേർ പങ്കെടുത്തു. ചർച്ചക്ക് സെക്രട്ടറി ഇ.എസ്. ബിജു മറുപടി പറഞ്ഞു. സമിതിയുടെ ആദ്യകാല നേതാക്കളായ മുതിർന്ന വ്യാപാരികളെ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ആദരിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസാരിച്ചു. മുതിർന്ന വ്യാപാരി സി. രാമകൃഷ്ണൻ നായരെ (തിരുവനന്തപുരം) മന്ത്രി ആദരിച്ചു. സെക്രട്ടറി ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
വി.കെ.സി മമ്മദ് കോയ പ്രസിഡന്റ്, ഇ.എസ്. ബിജു സെക്രട്ടറി
കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി.കെ.സി. മമ്മദ് കോയയെയും സെക്രട്ടറിയായി ഇ.എസ്. ബിജുവിനെയും വീണ്ടും തെരഞ്ഞെടുത്തു. വി. ഗോപിനാഥാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: എസ്. ദിനേശ്, സി.കെ. ജലീൽ, വി. പാപ്പച്ചൻ, സൂര്യ അബ്ദുൽഗഫൂർ, സീനത്ത് ഇസ്മയിൽ (വൈസ് പ്രസിഡന്റുമാർ), കെ.എം. ലെനിൻ, ടി.വി. ബൈജു, ആർ. രാധാകൃഷ്ണൻ, മിൽട്ടൺ ജെ. തലക്കോട്ടൂർ, പി.എം. സുഗുണൻ(ജോ. സെക്രട്ടറിമാർ). എക്സിക്യൂട്ടിവ് അംഗങ്ങൾ: ബിന്നി ഇമ്മട്ടി, വി.കെ. തുളസീദാസ്, ടി.എം. അബ്ദുൽ വാഹിദ്, കെ. പങ്കജവല്ലി, റജീന സലീം, ബിജു വർക്കി. 78 അംഗങ്ങളടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.