കടൽ കരയിച്ച ഓർമകളിൽ വൈപ്പിൻ; സൂനാമിത്തിരയില്‍ തീരവും ചിന്നിച്ചിതറി
text_fieldsവൈപ്പിന്‍: 17 വർഷം മുമ്പത്തെ ഡിസംബര്‍ 26. സൂനാമിത്തിരയില്‍ വൈപ്പിന്‍ തീരവും ചിന്നിച്ചിതറിയ ദിനം. പെട്ടെന്നുയര്‍ന്ന തിരമാലയുണ്ടാക്കിയ അമ്പരപ്പ് ഒന്നര പതിറ്റാണ്ടിനിപ്പുറവും വൈപ്പിന്‍കാരുടെ ഭീതിദമായ ഓര്‍മയാണ്. കേരള തീരത്ത് 2004ല്‍ ആഞ്ഞടിച്ച സൂനാമിത്തിരകള്‍ വൈപ്പിന്‍ എടവനക്കാട് നാശം വിതച്ചപ്പോള്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരുടെ ജീവനാണ് നഷ്ടമായത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എടവനക്കാടിെൻറ ഭൂരിഭാഗം പ്രദേശങ്ങളും കടലെടുത്തു.
നിരവധി വീടുകളും ഉപജീവനമാര്‍ഗവും തകര്‍ന്നില്ലാതായി. വര്‍ഷങ്ങള്‍ക്കിപ്പുറം സൂനാമി പുനരധിവാസ പദ്ധതിയില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചെങ്കിലും പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഫണ്ടുകള്‍ എറെ ലഭ്യമായിട്ടും ശാസ്ത്രീയ കടല്‍ഭിത്തി നിര്‍മാണമോ തീരദേശ റോഡ്നിർമാണമോ എങ്ങുമെത്തിയില്ല.
തീരദേശ റോഡിന് കാത്തിരിപ്പ് തുടരുന്നു
സൂനാമിക്ക് ശേഷം നാമാവശേഷമാകുകയും മണല്‍ കയറി സഞ്ചാര യോഗ്യമല്ലാതാകുകയും ചെയ്ത തീരദേശ റോഡ് പുനര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഇന്നും അവഗണന തുടരുകയാണ്. സൂനാമി ദുരന്തത്തില്‍ അഞ്ചുപേരുടെ ജീവന് നഷ്ടപ്പെട്ട സ്ഥലമാണ് എടവനക്കാട് അണിയില്‍ കടപ്പുറം. പുനരധിവാസ പ്രത്യേക പാക്കേജായി എടവനക്കാടിന് 12.5 കോടി രൂപയാണ് ലഭിച്ചത്. എന്നിട്ടും തീരദേശ റോഡ് പൂര്‍വ സ്ഥിതിയിലാക്കാനോ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കാനോ അധികൃതര്‍ തയാറായില്ല.
ചാത്തങ്ങാട് മുതല്‍ അണിയില്‍ കടപ്പുറം വരെ രണ്ട് കി.മീ. ദൈര്‍ഘ്യത്തില്‍ ഇപ്പോഴും റോഡ് മണല്‍മൂടി കിടക്കുകയാണ്. പലയിടത്തും കടല്‍ കയറി റോഡ് ഇല്ലാത്ത അവസ്ഥ. വാഹനങ്ങള്‍ പലതും ഇവിടേക്ക് സര്‍വിസ് നടത്താന്‍ തയാറല്ല. രോഗികളെ അടിയന്തര ഘട്ടങ്ങളില്‍ ഏറെ ദൂരം തോളില്‍ ചുമന്നാണ് ആശുപത്രിയില്‍ എത്തിക്കുക.
സ്മാരകമായി കുഴുപ്പിള്ളി ഹെല്‍ത്ത് സബ് സെൻറര്‍
കുഴുപ്പിള്ളി കടപ്പുറത്ത് സൂനാമിത്തിരയില്‍ തകര്‍ന്ന ആരോഗ്യ വകുപ്പ് സബ്സെൻററാണ് വൈപ്പിനില്‍ ചൂണ്ടിക്കാണിക്കാവുന്ന സൂനാമി സ്മാരകം. ദുരന്തത്തിെൻറ തലേദിവസം വരെ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത് സബ് സെൻറര്‍ 2004 ഡിസംബര്‍ 26 ന് ഉച്ചയോടെയാണ് കൂറ്റന്‍ തിരമാലയില്‍ തകര്‍ന്നത്. ചുവരുകള്‍ക്കും വാതിലുകള്‍ക്കും മറ്റും കേടുപാട് സംഭവിച്ച കെട്ടിടം പിന്നീട് കാടുകയറി നശിക്കുകയായിരുന്നു.
അതോടെ തീരമേഖലയിലെ വയോധികര്‍ ജീവിതശൈലീരോഗ പരിശോധനക്കും മരുന്നുകള്‍ക്കുമായി ഏറെ ദൂരം യാത്രചെയ്ത് അയ്യമ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തേണ്ട അവസ്ഥയിലായി.
കെടുകാര്യസ്ഥതയുടെ മ്യൂസിയം
കെട്ടിടം പണി പൂര്‍ത്തിയായിട്ട് 12 വര്‍ഷമായെങ്കിലും വൈപ്പിന്‍ ദ്വീപിലെ സൂനാമി മ്യൂസിയം യാഥാർഥ്യമായില്ല. കാല്‍ക്കോടിയോളം ചെലവിട്ട് എടവനക്കാട്ട് നിര്‍മിച്ച കെട്ടിടമാണ് വര്‍ഷങ്ങളായി വെറുതെ കിടക്കുന്നത്. എടവനക്കാട് യു.പി സ്കൂള്‍ വളപ്പിലാണ് മ്യൂസിയത്തിന് കെട്ടിടമൊരുക്കിയത്.
സൂനാമിയെക്കുറിച്ചും അതുണ്ടാക്കിയ നാശങ്ങളെക്കുറിച്ചും ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കലായിരുന്നു ലക്ഷ്യം. അതിന് എം.പി ഫണ്ടില്‍ നിന്നാണ് തുക ലഭ്യമാക്കിയത്. എന്നാല്‍, പഞ്ചായത്തിെൻറ അലംഭാവം മൂലം സൂനാമി നടന്ന് 17 കൊല്ലത്തിനിപ്പുറവും പണിപൂര്‍ത്തിയാക്കിയ കെട്ടിടത്തെ മ്യൂസിയമാക്കാന്‍ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.